
ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികളുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രതിസന്ധിയിലായിരിക്കെ, ടീമിനെതിരെയും മാനേജ്മെന്റിനെതിരെയും തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. ഏപ്രില്‍ 5ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വഴങ്ങിയ കനത്ത പരാജയത്തിന് പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ മനസ് തുറന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിനൊപ്പമുണ്ടായിരുന്ന അശ്വിന്‍, താന്‍ നേരിട്ട മാനസിക വിഷമങ്ങളെക്കുറിച്ച് വൈകാരികമായും പറയുന്നുണ്ട്.
2025 സീസണ്‍ അവസാനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി... ''കഴിഞ്ഞ വര്‍ഷം ചെന്നൈ ടീമിനൊപ്പം എനിക്ക് വ്യക്തിപരമായും അല്ലാതെയും വലിയ നിരാശയാണ് സമ്മാനിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് ഇനിയും കളിക്കാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ മാനസികമായി ഞാന്‍ തകര്‍ന്നുപോയി. ആ വേദനയെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല, അത് അത്രമേല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.'' അശ്വിന്‍ പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''ചെന്നൈയില്‍ തുടങ്ങി ചെന്നൈയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാം എന്ന് കരുതിയാണ് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഞാന്‍ സ്വയം മാറിനിന്നാല്‍ മാനേജ്മെന്റിന് എന്നെ ഒഴിവാക്കണോ വേണ്ടയോ എന്ന തലവേദന ഉണ്ടാകില്ലല്ലോ എന്ന് കരുതി. ഞാന്‍ പോകുന്നതിലൂടെ അവര്‍ക്ക് 10 കോടി രൂപ ലാഭിക്കുകയും ചെയ്യാം. എങ്കിലും എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു, ഇപ്പോഴും ആ നിരാശ ബാക്കിയുണ്ട്.'' അശ്വിന്‍ പറഞ്ഞു.
ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ചെന്നൈ മെച്ചപ്പെടുമെന്ന് താന്‍ കരുതിയിരുന്നതായി അശ്വിന്‍ പറഞ്ഞു. എന്നാല്‍ ആര്‍സിബി ഉയര്‍ത്തിയ 250 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ മറ്റ് ടീമുകള്‍ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബെംഗളൂരു ചെന്നൈക്കെതിരെ നേടിയത്. 2026 സീസണിന് മുന്നോടിയായി വലിയ തുക മുടക്കി യുവതാരങ്ങളായ കാര്‍ത്തിക് ശര്‍മ്മയെയും പ്രശാന്ത് വീറിനെയും (രണ്ടുപേര്‍ക്കും കൂടി ഏകദേശം 28 കോടി രൂപ) ടീമിലെത്തിച്ച ചെന്നൈയുടെ തന്ത്രം ഇതുവരെ വിജയിച്ചിട്ടില്ല.
തുടര്‍ച്ചയായ മൂന്ന് തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ പിന്നിലായ ചെന്നൈക്ക് ഇനി അഞ്ച് ദിവസത്തെ ഇടവേളയാണുള്ളത്. ഏപ്രില്‍ 11-ന് സ്വന്തം തട്ടകമായ ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ചെന്നൈ ലക്ഷ്യമിടുന്നില്ല. അശ്വിനെപ്പോലൊരു സീനിയര്‍ താരത്തിന്റെ ഈ വെളിപ്പെടുത്തലുകള്‍ ചെന്നൈ ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!