
ദില്ലി: ഇന്ത്യക്കെതിരെ ദില്ലി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 113ന് പുറത്തായപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് രവീന്ദ്ര ജഡേജയുടെ ബൗളിംഗ് പ്രകടനമായിരുന്നു. 42 റണ്‍സ് മാത്രം വഴങ്ങിയ താരം ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ അഞ്ചും ബൗള്‍ഡായിരുന്നു. ഉസ്മാന്‍ ഖവാജ (6), മര്‍നസ് ലബുഷെയ്ന്‍ (35), പീറ്റര്‍ ഹാന്‍ഡ്‌കോംപ് (0), അലക്‌സ് ക്യാരി (7), പാറ്റ് കമ്മിന്‍സ് (0), നേഥന്‍ ലിയോണ്‍ (8), മാത്യു കുനെമാന്‍ (0) എന്നിവരാണ് ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ചത്. ഇതില്‍ ഖവാജയും ഹാന്‍ഡ്‌കോംപും ഒഴികെ ബാക്കിയെല്ലാവും ബൗള്‍ഡായിരുന്നു.
ഇതോടെ ഒരു റെക്കോര്‍ഡും ജഡേജയുടെ പേരിലായി. ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ജഡേജ ദില്ലിയില്‍ കുറിച്ചിട്ടത്. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 48ന് ഏവ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിന് മുമ്പത്തെ മികച്ച പ്രകടനം. 2017ല്‍ ഓസീസിനെതിരെ ബംഗളൂരുവില്‍ 63ന് ആറ് വിക്കറ്റ് നേടിയതും 2013ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡര്‍ബനില്‍ 138ന് ആറ് വിക്കറ്റ് നേടിയതും തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരും. ദില്ലിയില്‍ ആദ്യ ഏഴ് ഓവറില്‍ 36 റണ്‍സ് വഴങ്ങിയ ജഡേജ ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയിരുന്നത്. എന്നാല്‍ രണ്ടാം സ്‌പെല്ലില്‍ 5.1 ഓവറില്‍ വെറും ആറ് റണ്‍സിനാണ് ജഡ്ഡു ആറ് വിക്കറ്റെടുത്തത്. ജഡേജയുടെ മാജിക്കില്‍ 28 റണ്‍സിനാണ് ഓസീസിന്റെ അവസാന എട്ട് വിക്കറ്റുകള്‍ വീണത്.
ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ട്രാവിസ് ഹെഡ് (43), മര്‍നസ് ലബുഷെയ്ന്‍ (35) എന്നിവര്‍ക്ക് മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. 115 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒന്നിന് 14 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുലിന്റെ (1) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേഥന്‍ ലിയോണിനാണ് വിക്കറ്റ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (12), ചേതേശ്വര്‍ പൂജാര (1) എന്നിവര്‍ ക്രീസിലുണ്ട്.
ഇനിയെങ്കിലും എടുത്ത് പുറത്തിടൂ! കെ എല്‍ രാഹുലിനെ വിടാതെ വെങ്കടേഷ് പ്രസാദ്; വീണ്ടും രൂക്ഷ വിമര്‍ശനം