ശുഭ്മാന്‍ ഗില്ലും കൂട്ടരും ഒരുക്കിയ കെണിയില്‍ രവീന്ദ്ര ജഡേജ വീണു; ഏകദിനത്തിന് ശേഷം രഞ്ജി ട്രോഫിയിലും നിരാശ

Published : Jan 22, 2026, 01:00 PM IST
Ravindra Jadeja

Synopsis

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി രവീന്ദ്ര ജഡേജ. ശുഭ്മാൻ ഗിൽ നയിക്കുന്ന പഞ്ചാബിനെതിരായ മത്സരത്തിൽ സൗരാഷ്ട്രയ്ക്കായി കളിച്ച ജഡേജ വെറും ഏഴ് റൺസിന് പുറത്തായി.

രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി രവീന്ദ്ര ജഡേജ. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന ജഡേജ പഞ്ചാബിനെതിരായ മത്സരത്തില്‍ വെറും ഏഴ് റണ്‍സിന് പുറത്തായി. ജഡേജ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ് സൗരാഷ്ട്ര. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സൗരാഷ്ട്ര ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 152 എന്ന നിലയിലാണ്. ജയ് ഗോഹില്‍ (74), ഹെത്വിക് കോടക്ക് (12) എന്നിവരാണ് ക്രീസില്‍. പഞ്ചാബിന് വേണ്ടി ഹര്‍പ്രിത് ബ്രാര്‍, ജസിന്ദര്‍ സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്.

തകര്‍ച്ചയോടെയാണ് സൗരാഷ്ട്ര തുടങ്ങിയത്. 66 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. ചിരാഗ് ജനിയാണ് (8) ആദ്യം മടങ്ങുന്നത്. സന്‍വീര്‍ സിംഗിനായിരുന്നു വിക്കറ്റ്. പിന്നാലെ സഹഓപ്പണര്‍ ഹര്‍വിക് ദേശായിയും (13) തിരികെ പവലിയനിലെത്തി. ഇതോടെ രണ്ടിന് 34 എന്ന നിലയിലായി അവര്‍. തുടര്‍ന്ന് അര്‍പിത് വാസവദ (2), രവീന്ദ്ര ജഡേജ (7) എന്നിവരും മടങ്ങി. ജഡേജയെ ജസിന്ദര്‍ സിംഗാണ് വീഴ്ത്തിയത്. തുടര്‍ന്ന് ഗോഹില്‍ - പ്രേരക് മങ്കാദ് (32) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. ഇത് സൗരാഷ്ട്രയ്ക്ക് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ പ്രേരകിനെ പുറത്താക്കി ബ്രാര്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് വന്ന സാമര്‍ ഗജ്ജാര്‍ (0) വന്നത് പോലെ മടങ്ങി.

ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ഗില്ലും ജഡേജയും അവരവരുടെ രഞ്ജി ടീമിനൊപ്പം ചേര്‍ന്നത്. ഏകദിന പരമ്പരയില്‍ ശരാശരി പ്രകടനമായിരുന്നു ഗില്ലിന്റേത്. എന്നാല്‍ ജഡേജയാവട്ടെ ബൗളിംഗിലും ബാറ്റിംഗിലും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ജഡേജയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും ഉയരുകയുണ്ടായി. അതെല്ലാം കഴുകി കളഞ്ഞ് ഒരു തിരിച്ചുവരവാണ് ജഡേജ ലക്ഷ്യമിട്ടത്. എന്നാല്‍ ബാറ്റിംഗില്‍ നിരാശ മാത്രമായിരുന്നു ഫലം. ഇനി ഗില്ലിന്റെ ഊഴത്തിന് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കരയ്ക്ക് ഇരുത്തിയവർക്ക് ബാറ്റുകൊണ്ട് മറുപടി; റിങ്കു സിങ് ദ ഫിനിഷർ
രഞ്ജി ട്രോഫി: കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം, സച്ചിന്‍ ബേബി - അപരാജിത് സഖ്യം ക്രീസില്‍