
രാജ്കോട്ട്: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പോര് ചൂടുപിടിക്കുന്നതിനിടെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വീട്ടിലും തെരഞ്ഞെടുപ്പ് പോര് കനക്കുകയാണ്. ഭാര്യ റിവാബ ജഡേജ ഇക്കുറി ബിജെപി സ്ഥാനാർഥിയായി ജാംനഗർ നോർത്തിൽ മത്സരിക്കുന്നുണ്ട്. സഹോദരി നയ്നാബയാകട്ടെ കോൺഗ്രസിന്റെ സജീവ പ്രവർത്തകയും മണ്ഡലത്തിലെ കോൺഗ്രസ് പ്രചാരണത്തിന്റെ മുഖ്യചുമതലക്കാരിയുമാണ് . കോൺഗ്രസിനെ ജയിപ്പിക്കാൻ അരയും തലയും മുറുക്കിത്തന്നെയാണ് നയ്നാബയും രംഗത്തിറങ്ങിയിരിക്കുന്നത്. കോൺഗ്രസിന്റെ പ്രചാരകരിൽ പ്രധാനിയാണ് നയ്നാബ. കഴിഞ്ഞ ദിവസം റിവാബക്കെതിരെ നയ്നാബ വാർത്താ സമ്മേളനം വിളിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റിവാബ കുട്ടികളെ ഉപയോഗിച്ചെന്നാണ് പ്രധാന ആരോപണം. ഇതിനെതിരെ പരാതി നൽകുമെന്നും നയ്നാബ തുറന്നടിച്ചു. ''കുട്ടികളെ ഉപയോഗിച്ച് സഹതാപം നേടാനാണ് റിവാബ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് ഈ വിഷയം ഉന്നയിച്ച് പരാതി നൽകും. രാജ്കോട്ടിലാണ് റിവാബക്ക് വോട്ട്. എന്നാൽ മത്സരിക്കുന്നതാകട്ടെ ജാംനഗറിലും. സഹോദരൻ രവീന്ദ്ര ജഡേജയുടെ പേര് വോട്ടുനേടാനായി ഉപയോഗിക്കുകയാണ്. നാമനിർദേശ പത്രികയിൽ റിവാ സിങ് ഹർദേവ് സിങ് സോളങ്കി എന്നാണ് അവരുടെ പേര്. ബ്രാക്കറ്റിൽ രവീന്ദ്ര ജഡേജയുടെ പേര് ഉപയോഗിച്ചിരിക്കുന്നു. വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായിട്ടും അവർ പേര് മാറ്റിയിട്ടില്ല. എന്നാൽ രവീന്ദ്ര ജഡേജയുടെ പേര് വോട്ടിനായി ഉപയോഗിക്കുകയും ചെയ്യുന്നു''- നയ്നാബ ആരോപിച്ചു.
'ഗുജറാത്തിൽ ആപ്പ് അധികാരത്തിലെത്തും'; ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് കെജ്രിവാൾ
ജാംഗനർ നോർത്തിൽ നേർക്കുനേർ പോരാട്ടമാണ് ഇരുവരും തമ്മിൽ. സിറ്റിങ് എംഎൽഎ ബീബേന്ദ്ര സിങ് ജഡേജയാണ് കോൺഗ്രസ് സ്ഥാനാർഥി. പ്രചാരണത്തിന്റെ മുഖ്യചുമതലയാകട്ടെ നയ്നാബയെയാണ് കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്. മണ്ഡലത്തിൽ തന്നെയുള്ള എംഎൽഎയെയാണ് ജാനഗറിന് ആവശ്യമെന്നും കോൺഗ്രസ് സ്ഥാനാർഥി ജയിക്കണമെന്നും നയ്നാബ പറഞ്ഞു. നിലവിൽ കോൺഗ്രസ് മണ്ഡലമാണ് ജാംനഗർ നോർത്ത്. ബീബേന്ദ്ര സിങ് ജഡേജ 41000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2017ൽ ജയിച്ചത്. മണ്ഡലം പിടിച്ചെടുക്കാനാണ് ബിജെപി ഇക്കുറി റിവാബയെ രംഗത്തിറക്കിയത്. റിവാബയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!