
മുംബൈ: അടുത്തമാസം തുടങ്ങുന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്തയുമായി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. വൈകാതെ ഗ്രൗണ്ടില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കി ജഡേജയിട്ട ട്വീറ്റാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. വൈകാതെ നേരില്‍ കാണാം എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.
ടി20 ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ജഡേജക്ക് ലോകകപ്പും തുടര്‍ന്ന് നടന്ന പരമ്പരകളും നഷ്ടമായിരുന്നു. ജഡേജയുടെ അഭാവം ഇന്ത്യയുടെ ടീം സന്തുലനത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്തു. ജഡേജക്ക് പകരം ടീമിലെത്തിയ അക്സര്‍ പട്ടേലിന് ലോകകപ്പില്‍ കാര്യമായി തിളങ്ങാനുമായില്ല. എന്നാല്‍ ലോകകപ്പിന് ശേഷം നടന്ന പരമ്പരകളില്‍ ജഡേജയുടെ കുറവ് നികത്തുന്ന പ്രകടനമാണ് അക്സര്‍ പുറത്തെടുക്കുന്നത്.
ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന രണ്ടാം ടി20യില്‍ 31 പന്തില്‍ 65 റണ്‍സടിച്ച അക്സറിന്‍റെ പ്രകടനം ഇന്ത്യയെ ജയത്തിന് അടുത്തെത്തിക്കുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ പരമ്പരയില്‍ 3-1നെങ്കിലും ഇന്ത്യക്ക് ജയിക്കണം. ഈ സാഹചര്യത്തില്‍ അശ്വിനും അക്സറിനും ഒപ്പം ജഡേജ കൂടി ടീമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ പരിക്ക് മാറി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ജഡേജക്ക് തിരിച്ചെത്താനാവുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ജഡേജയെപ്പോലെ ലോകകപ്പിന് തൊട്ടു മുമ്പ് പരിക്കേറ്റ് പുറത്തുപോയ ജസ്പ്രീത് ബുമ്രയെ മത്സര ക്രിക്കറ്റില്‍ കളിക്കാതെ തന്നെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുപോലെ ജഡേജയെയും ഓസ്ട്രേലിയക്കെതിരാട ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്