
രാജ്‌കോട്ട്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പൂനെയിലേറ്റ അപ്രീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ടീം ഇന്ത്യ. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യക്ക് ഡെത്ത് ബൗളിംഗും ബാറ്റിംഗിലെ തുടക്കവും പിഴച്ചതാണ് രണ്ടാം മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിവിട്ടത്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ നിയന്ത്രണത്തിലാിരുന്നു 17-ാം ഓവര്‍ വരെ കളി.
എന്നാല്‍ അവസാന മൂന്നോവറില്‍ ഉമ്രാന്‍ മാലിക്കും, ശിവം മാവിയും , അര്‍ഷ്ദീപ് സിംഗും വാരിക്കോരി റണ്‍സ് വഴങ്ങിയതോടെ 170ല്‍ ഒതുങ്ങുമെന്ന് പ്രതീക്ഷിച്ച ലങ്ക 200 കടന്നു. അവസാന നാലോവറില്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ടില്‍ 68 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ആദ്യ ഓവര്‍ മുതല്‍ അടിച്ചു കളിക്കാന്‍ ശ്രമിച്ച് പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യയുടെ ചേസിംഗും അവതാളത്തിലായി. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന നിര്‍ണായക മൂന്നാം ടി20യില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഓപ്പണിംഗില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന് പകരം റുതുരാജ് ഗെയ്ക്‌വാദിന് അവസരം നല്‍കിയേക്കും. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ഓപ്പണറായി തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിക്ക് ഒരു അവസരം കൂടി ലഭിക്കും. നാലാം നമ്പറില്‍ സൂര്യകുമാറും അഞ്ചാം നമ്പറില്‍ ക്യാപ്റ്റര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും എത്തുമ്പോള്‍ ദീപക് ഹൂഡ ആറാം നമ്പറിലും അക്സര്‍ പട്ടേല്‍ ഏഴാം നമ്പറിലും തുടരും.
ബൗളിംഗില് ലൈനപ്പിലാണ് മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്. രണ്ടാം മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ അര്‍ഷ്ദീപ് സിംഗിന് പരം മുകേഷ് കുമാറിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കും. രണ്ടാം മത്സരത്തില്‍ തിളങ്ങിയെങ്കിലും യുസ്‌വേന്ദ്ര ചാഹലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!