ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലന ക്യാമ്പില്‍ നിന്ന് രവീന്ദ്ര ജഡേജ പിന്മാറി

By Web TeamFirst Published Aug 13, 2020, 11:40 PM IST
Highlights

അടുത്തിടെ ഗുജറാത്തിലെ രാജ്കോട്ടില്‍ രവീന്ദ്ര ജഡേജയും വനിതാ പൊലീസ് കോണ്‍സ്റ്റബിളുമായി നടുറോഡില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു.
 

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘടിപ്പിച്ചിരുന്ന പരിശീലന ക്യാംപില്‍ നിന്ന് രവീന്ദ്ര ജഡേജ പിന്മാറി. ഈ മാസം 15 മുതല്‍ 20 വരെ ചെന്നൈയിലാണ് ക്യാംപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡേജ പിന്മാറുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ടീം ഓഗസ്റ്റ് 22നാണ് ചെന്നൈയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ തിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇന്ത്യന്‍ താരങ്ങളില്‍ ക്യാംപിനെത്താത്ത ഏക പ്രമുഖനാണ് ജഡേജ. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവര്‍ ക്യാംപിനായി ചെന്നൈയിലെത്തും. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ജഡേജയുടെ പിന്‍മാറ്റമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

അടുത്തിടെ ഗുജറാത്തിലെ രാജ്കോട്ടില്‍ രവീന്ദ്ര ജഡേജയും വനിതാ പൊലീസ് കോണ്‍സ്റ്റബിളുമായി നടുറോഡില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന കോണ്‍സ്റ്റബിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജഡേജയുടെ ഭാര്യ റീവ സോളങ്കി മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതാണ് കോണ്‍സ്റ്റബിളിനെതിരായ പ്രകോപനത്തിനു കാരണമെന്ന് ഗുജറാത്ത് പൊലീസ് വ്യക്തമാക്കിയിരുന്നു.

click me!