അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും രഞ്ജി ക്രിക്കറ്റ് കളിക്കാന്‍ ജഡേജ

By Web TeamFirst Published Jan 23, 2023, 1:00 PM IST
Highlights

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജഡേജ കളിക്കുന്ന ആദ്യ രഞ്ജി മത്സരമാണിത്. 2018ലാണ് ജഡേജ അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. രഞ്ജി ട്രോഫിയില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റര്‍ കൂടിയാണ് ജഡേജ.

രാജ്കോട്ട്: പരിക്കില്‍ നിന്ന് മോചിതനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന രവീന്ദ്ര ജഡേജ അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും രഞ്ജി ക്രിക്കറ്റിലേക്ക്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ജഡേജക്ക് ടി20 ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍ നഷ്ടമായിരുന്നു.

അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിക്കില്‍ നിന്ന് മോചിതനായശേഷം ജഡേജ ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. നിലവില്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ് ജഡേജ. ഇതിനിടെയാണ് ഞായറാഴ്ച തുടങ്ങുന്ന തമിഴ്‌നാടിനെതിരായ രഞ്ജി മത്സരത്തിനുള്ള സൗരാഷ്ട്ര ടീമില്‍ ജഡേജയെയും ഉള്‍പ്പെടുത്തിയത്.

ആദ്യം 150 കിലോ മീറ്റര്‍, പക്ഷെ പിന്നീട്; ഉമ്രാനെ ഹാരിസ് റൗഫുമായി താരതമ്യം ചെയ്യാനാവില്ലെന്ന് മുന്‍ പാക് താരം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജഡേജ കളിക്കുന്ന ആദ്യ രഞ്ജി മത്സരമാണിത്. 2018ലാണ് ജഡേജ അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. രഞ്ജി ട്രോഫിയില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റര്‍ കൂടിയാണ് ജഡേജ. 331 റണ്‍സാണ് രഞ്ജിയിലെ ജഡേജയുടെ ഉയര്‍ന്ന സ്കോര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ ഉള്‍പ്പെടെ 12 സെഞ്ചുറിയും 34 അര്‍ധ സെഞ്ചുറിയും ജഡേജയുടെ പേരിലുണ്ട്. സൗരാഷ്ട്ര-തമിഴ്നാട് മത്സരത്തില്‍ ജഡേജയുടെ പ്രകടനം വിലയിരുത്തിയശേഷമാകും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ജഡേജ കളിക്കുമോ എന്ന കാര്യം ഉറപ്പിക്കാനാവു.

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി പോയന്‍റ് പട്ടികയില്‍ 26 പോയന്‍റുള്ള സൗരാഷ്ട്ര നിലവില്‍ ഒന്നാം സ്ഥാനത്താണ്. രാജ്കോട്ടില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയോട് സൗരാഷ്ട്ര 150 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. ജഡേജയെ പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന്‍റെ സാന്നിധ്യം സൗരാഷ്ട്ര ടീമിന്‍റെ ആത്മവീര്യമുയര്‍ത്തുമെന്ന് പരിശീലകന്‍ നീരജ് ഒഡേദ്ര പറഞ്ഞു.
 

click me!