Latest Videos

ക്രീസില്‍ കയറാതെ ജയ്സ്വാളിനോട് ദേഷ്യപ്പെടാനായി തിരിഞ്ഞ് സഞ്ജു, റണ്ണൗട്ടാക്കാന്‍ മറന്ന് ആര്‍സിബി താരം

By Web TeamFirst Published May 23, 2024, 11:46 AM IST
Highlights

കമന്‍റേറ്റര്‍മാര്‍ സഞ്ജുവിന്‍റെ അലസതയെ വിമര്‍ശിക്കുകയും ചെയ്തു. രണ്ടാം റണ്‍ ഓടാതിരുന്നാല്‍ ഒരു റണ്ണെ നഷ്ടമാകുന്നുള്ളൂവെന്നും അലസതമൂലം വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും കമന്‍റേറ്റര്‍മാര്‍ പറഞ്ഞു.

അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ റ    ണ്ണൗട്ടാക്കാന്‍ ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കി ആര്‍സിബി ബൗളര്‍ കാണ്‍ ശര്‍മ. സഞ്ജുവിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം അശ്രദ്ധമൂലം കാണ്‍ ശര്‍മ നഷ്ടമാക്കുന്നത് കണ്ട് ബൗണ്ടറിയില്‍ വിരാട് കോലി അവിശ്വസനീയതയോടെ നില്‍ക്കുന്നതും കാണാമായിരുന്നു.

രാജസ്ഥാന്‍ ഇന്നിംഗ്സിലെ ആദ്യ ടൈം ഔട്ടിന് ശേഷം ഒമ്പതാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. കാണ്‍ ശര്‍മയെറിഞ്ഞ രണ്ടാം പന്ത് സ്വീപ്പര്‍ കവര്‍ ബൗണ്ടറിയിലേക്ക് അടിച്ച സഞ്ജു ആദ്യ റണ്‍ പൂര്‍ത്തിയാക്കി രണ്ടാം റണ്ണിനായി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് ക്രീസ് വിട്ടിറങ്ങിയെങ്കിലും മറുവശത്തുണ്ടായിരുന്ന യശസ്വി ജയ്സ്വാള്‍ ഡബിള്‍ വേണ്ടെന്ന് വിലക്കി. അനായാസം ഡബിള്‍ ഓടാമായിരുന്നിട്ടും അഹമ്മദാബാദിലെ കനത്ത ചൂടില്‍ തളര്‍ന്നതോടെയാണ് യശസ്വി ഡബിള്‍ ഓടേണ്ടെന്ന് പറഞ്ഞത്. ഈ സമയം ബൗണ്ടറിയില്‍ നിന്ന് ഫീല്‍ഡര്‍ എറിഞ്ഞ ത്രോ കാണ്‍ ശര്‍മയുടെ കൈകളിലെത്തിയിരുന്നു.

16 സീസണ്‍, 6 ടീമുകള്‍, ഒരേയൊരു കിരീടം, ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍സിബി ഇതിഹാസം ദിനേശ് കാര്‍ത്തിക്

ഡബിള്‍ ഓടാതിരുന്ന ജയ്സ്വാളിനോട് എന്താണ് ഓടാത്തത് എന്ന് ചോദിച്ച് ക്രീസിന് പുറത്തു നില്‍ക്കുകയായിരുന്നു സഞ്ജു അപ്പോള്‍. വിക്കറ്റിന് മുന്നില്‍ നിന്ന് ത്രോ സ്വീകരിച്ച കാണ്‍ ശര്‍മ പക്ഷെ ഇതു ശ്രദ്ധിച്ചില്ല. ത്രോ സ്വീകരിച്ച വിക്കറ്റിലേക്ക് എറിയാനൊരുങ്ങുന്നതുപോലെ കാണിച്ചെങ്കിലും എറിയാതെ ബൗള്‍ ചെയ്യാനായി നടന്നു. ആദ്യ തവണ തന്നെ എറിഞ്ഞിരുന്നെങ്കില്‍ സഞ്ജു റണ്ണൗട്ടാവുമായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്ന വിരാട് കോലി ഇത് കണ്ട് എന്താണ് ഈ കാണിക്കുന്നത് എന്ന് കാണ്‍ ശര്‍മയോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.

pic.twitter.com/pzHl4U6l71

— nadeer500 (@nadeer50048205)

സഞ്ജുവിന്‍റെ അലസതയെ കമന്‍ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്കര്‍ വിമര്‍ശിക്കുകയും ചെയ്തു. രണ്ടാം റണ്‍ ഓടാതിരുന്നതിന് സഹതാരത്തോട് ദേഷ്യപ്പ്പെടാനുള്ള സമയം ഇതല്ലെന്നും ഒരു റൺ കളിയില്‍ വലിയ മാറ്റം വരുത്തില്ലെനും എന്നാലൊരു വിക്കറ്റ് വലിയമാറ്റം ഉണ്ടാക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. തൊട്ടടുത്ത ഓവറില്‍ ജയ്സ്വാള്‍ കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ പുറത്തായതിന് പിന്നാലെ അടുത്ത ഓവറില്‍ സഞ്ജുവിനെ പുറത്താക്കി കാണ്‍ ശര്‍മ തന്‍റെ ശ്രദ്ധക്കുറവിന് പ്രായശ്ചിത്തം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!