ഐപിഎല്ലിലെ എല്ലാ സീസണിലും കളിച്ച അപൂർവം താരങ്ങളിൽ ഒരാളായ കാർത്തിക് 257 കളിയിൽ നിന്ന് 22 അർധസെഞ്ചുറികള്‍ അടക്കം 4842 റൺസെടുത്തിട്ടുണ്ട്

അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരു തോറ്റ് പുറത്തായതിന് പിന്നാലെ വിരമിക്കുകയാണെന്ന സൂചന നല്‍കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. മത്സരശേഷം ഗ്ലൗസൂരി കാണികളെ അഭിവാദ്യം ചെയ്ത കാര്‍ത്തിക്കിനെ ആര്‍സിബി താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ആരാധകരോട് നന്ദി പറയാനായി ഗ്രൗണ്ട് വലംവെച്ച ആര്‍സിബി ടീമിനൊപ്പം നടന്ന വിരാട് കോലി കാര്‍ത്തക്കിനായി കൈയടിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുന്നതും കാണാമായിരുന്നു.

Scroll to load tweet…

ഐപിഎല്ലിലെ എല്ലാ സീസണിലും കളിച്ച അപൂർവം താരങ്ങളിൽ ഒരാളായ കാർത്തിക് 257 കളിയിൽ നിന്ന് 22 അർധസെഞ്ചുറികള്‍ അടക്കം 4842 റൺസെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 97 റൺസാണ് ഉയർന്ന സ്കോർ. ഈ സീസണിൽ 15 കളിയിൽ 36.22 ശരാശരിയില്‍ 187.36 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 326 റൺസ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച മൂന്നാമത്തെ താരവുമാണ് കാര്‍ത്തിക്. ഐപിഎല്ലിൽ ആറ് ടീമുകൾക്ക് വേണ്ടി കളിച്ച കാര്‍ത്തിക്ക് 2013ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീട നേട്ടത്തിലും പങ്കാളിയായി. കാര്‍ത്തിക്കിന്‍റെ കരിയറിലെ ഏക ഐപിഎല്‍ കീരീടവും ഇതാണ്.

എല്ലാം ഓക്കെ അല്ലെയെന്ന് ഇയാന്‍ ബിഷപ്പ്, അല്ല ചെറിയൊരു പ്രശ്നമുണ്ടെന്ന് തുറന്നു പറഞ്ഞ് സഞ്ജു

2008ൽ ഡൽഹിക്കായി ഐപിഎല്ലില്‍ അരങ്ങേറിയ കാര്‍ത്തിക് പിന്നീട് 2011ല്‍ പഞ്ചാബിലും മുംബൈയിലും ഗുജറാത്തിലും കൊൽക്കത്തയിലും അവസാനം ആർസിബിക്കായും കളിച്ചു. കൊല‍്‍ക്കത്തയുടെ നായകനുമായിരുന്നു. ഇന്നലെ മത്സരശേഷം സഹതാരങ്ങൾക്കൊപ്പം രാജസ്ഥാൻ താരങ്ങളും പരിശീലകരും കാർത്തിക്കിന് ആശംസകൾ നേ‍ർന്നു.ഇന്നലത്തെ മത്സരത്തില്‍ ആവേശ് ഖാന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. എന്നാല്‍ പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന കാര്‍ത്തിക്കിന് 13 പന്തില്‍ 11 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. വിക്കറ്റിന് പിന്നില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ നിര്‍ണായക സ്റ്റംപിംഗും കാര്‍ത്തിക് നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക