
ജിദ്ദ: വാശിയേറിയ ഐപിഎല്‍ താരലേലത്തിനിടെ ടീം ഉടമകളോ പ്രിതനിധികളോ അടുത്തെത്തി പരസ്പരം നന്ദി പറയുന്നത് അപൂര്‍വമാണ്. എന്നാല്‍ മുംബൈയില്‍ നിന്ന് ടിം ഡേവിഡിനെ റാഞ്ചിയ ആര്‍സിബി കഴിഞ്ഞ സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് താരം വില്‍ ജാക്സിനായി ആര്‍ടിഎം(റൈറ്റ് ടും മാച്ച് കാര്‍ഡ്) ഉപയോഗിക്കാതിരുന്നത് കണ്ടപ്പോള്‍ മുംബൈ ടീം ഉടമകളിലൊരാളായ ആകാശ് അംബാനിക്ക് ആര്‍സിബിയെ ഒന്ന് അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
പഞ്ചാബ് കിംഗ്സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 5.25 കോടിക്ക് വില്‍ ജാക്സിനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് ആാകാംക്ഷയോടെ ഉറ്റുനോക്കിയത് ആര്‍സബിയുടെ ലേല ടേബിലേക്കായിരുന്നു. എന്നാല്‍ രണ്ട് ആര്‍ടിഎം കൈയിലുണ്ടായിട്ടും ആര്‍സിബി ജാക്സിനായി ആര്‍ടിഎം ഉപയോഗിക്കാതിരുന്നത് മുംബൈയെ പോലും ഞെട്ടിച്ചു. ഒടുവിൽ ജാക്സിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചുവെക്കാന്‍ കഴിയാതിരുന്ന ആകാശ് അംബാനി ആര്‍സിബിയുടെ ലേല ടേബിലേക്ക് നടന്നുപോയി ഉടമകളോടും പ്രതിനിധികളോടും നന്ദി പറയുകയും ചെയ്തു.
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജാക്സിനായി ഒരിക്കല്‍ പോലും ആര്‍സിബി രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമായി. പഞ്ചാബാണ് ജാക്സിനെ സ്വന്തമാക്കാന്‍ മുംബൈയുമായി മത്സരിച്ചത്. നേരത്തെ സ്പിന്നര്‍ സ്വപ്നില്‍ സിംഗിനെ നിലനിര്‍ത്താന്‍ ആര്‍സിബി ആര്‍ടിഎം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ സീസണുകളില്‍ മുംബൈയുടെ ഫിനിഷറായി തിളങ്ങിയ ടിം ഡേവിഡിനെ ആര്‍സിബി മൂന്ന് കോടി രൂപക്ക് ആര്‍സിബി സ്വന്തമാക്കിയിരുന്നു.
ടിം ഡേവിഡിനായി മുംബൈ രംഗത്തു വന്നിരുന്നില്ല. രണ്ട് കോടി അടിസ്ഥാന വിലയുള്ള ടിം ഡേവിഡിനായി ഹൈദരാബാദാണ് ആര്‍സിബിയുമായി മത്സരിച്ചത്. ജാക്സിന് പുറമെ ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്‌ലി, ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നര്‍, അഫ്ഗാന്‍റെ മിസ്റ്ററി സ്പിന്നർ അള്ളാ ഗാസാൻഫര്‍, ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കിള്‍ടണ്‍ എന്നിവരെ മുംബൈ ഇന്ന് സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക