15 കോടി രൂപ എന്ന് പറഞ്ഞാല്‍ എത്രയെന്ന് അറിയില്ലെന്ന് ജാമിസണ്‍

By Web TeamFirst Published Feb 19, 2021, 7:44 PM IST
Highlights

ഐപിഎല്‍ താരലേലം തുടങ്ങുമ്പോള്‍ ന്യൂസിലന്‍ഡില്‍ സമയം രാത്രി 10.30 ആയിരുന്നു. സാധാരണയായി ഐപിഎല്‍ താരലേലത്തിന് ഞാന്‍ വലിയ പ്രാധാന്യം കൊടുക്കാറില്ല.

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തന്നെ 15 കോടി രൂപ നല്‍കി സ്വന്തമാക്കിയെങ്കിലും 15 കോടി രൂപ എന്ന് പറഞ്ഞാല്‍ ന്യൂസിലന്‍ഡിലെ എത്ര തുകയാണെന്ന് തനിക്ക് അറിയില്ലെന്ന് ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും ഗ്ലെന്‍ മാക്സ്‌വെല്ലും എല്ലാം അടങ്ങുന്ന ഡ്രസ്സിംഗ് റൂമിന്‍റെ ഭാഗമാവാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും ജാമിസണ്‍ പറഞ്ഞു.

ഐപിഎല്‍ താരലേലം തുടങ്ങുമ്പോള്‍ ന്യൂസിലന്‍ഡില്‍ സമയം രാത്രി 10.30 ആയിരുന്നു. സാധാരണയായി ഐപിഎല്‍ താരലേലത്തിന് ഞാന്‍ വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ഇത്തവണ തന്‍റെ പേരുള്ളതുകൊണ്ട് ആകാംക്ഷ അടക്കാനാവാതെ പാതിരാത്രിയായപ്പോള്‍ വെറുതെ ഫോണെടുത്ത് ലൈവ് കണ്ടു. ഒന്നര മണിക്കൂര്‍ കാത്തിരുന്നശേഷമാണ് എന്‍റെ പേര് ലേലത്തില്‍ വന്നതുകണ്ടത്.

വാശിയേറിയ ലേലത്തിനൊടുവില്‍ എന്നെ 15 കോടിക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കിയത് കണ്ടു. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡ് പേസറും മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് പരിശീലകലനുമായ ഷെയ്ന്‍ ബോണ്ട് എനിക്ക് ഫോണില്‍ മെസേജ് അയച്ചു. എന്നാല്‍ സത്യം പറഞ്ഞാല്‍ ഈ 15 കോടി രൂപ എന്നു പറഞ്ഞാല്‍ എത്ര ന്യൂസിലന്‍ഡ് ഡോളേഴ്സാണെന്ന് എനിക്ക് അറിയില്ല. പണത്തേക്കാളുപരി കോലിക്കും ഡിവില്ലിയേഴ്സിനും മാക്സ്‌വെല്ലിനുമെല്ലാം ഓപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനാകുമെന്നതാണ് തന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നതെന്നും ജാമിസണ്‍ പറഞ്ഞു.

ബാംഗ്ലൂരിന്‍റെ പരിശീലകനും ന്യൂസിലന്‍ഡുകാരനുമായ മൈക്ക് ഹെസ്സണാണ് ജാമിസണെ ടീമിലെത്തിക്കുന്നതില‍ നിര്‍ണായക പങ്കുവഹിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ഒരു ന്യൂസിലന്‍ഡ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ജാമിസണ് ലഭിച്ചത്. ആറടി എട്ടിഞ്ചുകാരനായ ജാമിസണ് ഏത് പിച്ചിലും മികച്ച ബൗണ്‍സ് കണ്ടെത്താനാവും. ന്യൂസിലന്‍ഡിലെ ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ 2019ല്‍ നാലോവറില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ജാമിസണിന്‍റെ പ്രകടനം ഇപ്പോഴും റെക്കോര്‍ഡാണ്.

click me!