
ധരംശാല: ഐപിഎല്ലിൽ പ്ലേ ഓഫിലെത്താനുള്ള സാധ്യത ഏതാണ്ട് അവസാനിച്ച ഡൽഹി ക്യാപിറ്റൽസിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ വേണമെന്നാണ് ശ്രീകാന്ത് പറഞ്ഞു. മലയാളി താരം കരുൺ നായർക്ക് പ്ലേയിംഗ് ഇലവനിൽ തുടര്‍ച്ചയായി അവസരം നല്‍കുന്നതിനെതിരെയും തന്‍റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് തുറന്നടിച്ചു.
കരുൺ നായരെ ടീമിലെടുക്കുന്നത് ഡൽഹിയെ ടി20യിൽ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൊണ്ടുപോകുന്നതിന് തുല്യമാണെന്ന് ശ്രീകാന്ത് പരിഹസിച്ചു. കരുൺ നായരെ കളിപ്പിച്ചുകൊണ്ട് ഡൽഹി ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളെയാണ് സൃഷ്ടിക്കുന്നത്. തനിക്ക് ഒരു അവസരം കൂടി നൽകണമെന്ന് അദ്ദേഹം ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടാകും, ഡൽഹി അത് കൃത്യമായി നൽകുന്നുമുണ്ട്. കരുൺ നായർ ടീമിന്‍റെ പരിഗണനയിലേ വരാൻ പാടില്ല. ടീം കോമ്പിനേഷൻ ശരിയാക്കണമെങ്കിൽ ആദ്യം കരുണിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കണമെന്നം ശ്രീകാന്ത് പറഞ്ഞു.
ഈ സീസണിൽ കളിച്ച രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് വെറും 18 റൺസ് മാത്രമാണ് കരുൺ നായർക്ക് നേടാനായത്. 100 സ്ട്രൈക്ക് റേറ്റിലായിരുന്നു രണ്ട് മത്സരങ്ങളിലും കരുണിന്‍റെ ബാറ്റിംഗ്. ഡൽഹിയെ പോലെ തന്നെ തുടർച്ചയായ മൂന്ന് പരാജയങ്ങളിൽ വലയുന്ന പഞ്ചാബ് കിങ്സിനും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. പഞ്ചാബ് കിംഗ്സ് സ്പിന്നർ ഹർപ്രീത് ബ്രാറിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ശ്രീകാന്ത് അതൃപ്തി പ്രകടിപ്പിച്ചു. ഒരു മത്സരത്തിൽ മാത്രം കളിച്ച് മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും (0/25) ബ്രാറിന് പിന്നീട് അവസരം ലഭിച്ചില്ല. പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഫോമില്ലായ്മയും ടീമിനെ തളർത്തുന്നുണ്ടെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി പലരും കാണുന്ന ശ്രേയസിന് ഈ മത്സരം ഒരു വലിയ പരീക്ഷാണമാണെന്നും ശ്രീകാന്ത് പറഞ്ഞു.
ഇന്ന് ധരംശാലയിൽ നടക്കുന്ന പോരാട്ടം ഡൽഹി ക്യാപിറ്റൽസിന് ജീവന്‍മരണപ്പോരാട്ടമാണ്. നിലവിൽ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ഡൽഹിക്ക് ഇന്ന് പരാജയപ്പെട്ടാൽ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണ്ണമായും അവസാനിക്കും. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ 265 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന് ജയിച്ച പഞ്ചാബിനെ തടയുക എന്നത് ഡൽഹിക്ക് വലിയ വെല്ലുവിളിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!