ഇന്ത്യന്‍ ടീമില്‍ അധികാരത്തര്‍ക്കം? രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോലിയുടെ ശ്രമം

By Web TeamFirst Published Sep 17, 2021, 1:15 PM IST
Highlights

ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ കുറിച്ചൊക്കെ മുമ്പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോലി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ദുബായ്: കഴിഞ്ഞ ദിവസമാണ് വിരാട് കോലി ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം താരം സ്ഥാനമൊഴിയും. പിന്നാലെ ആര് ക്യാപ്റ്റനാകുമെന്നുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നതില്‍ ഒരാളാണ് സീനിയര്‍ താരമായ രോഹിത് ശര്‍മ. യുവാക്കള്‍ക്ക് നേതൃസ്ഥാനം നല്‍കാന്‍ തീരുമാനിച്ചാല്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ആര്‍ക്കെങ്കിലും നറുക്ക് വീഴും.

എന്നാല്‍ ഇന്ത്യന്‍ ആരാധകരെ വിഷമത്തിലാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ടീമിനുള്ളില്‍ അധികാര തര്‍ക്കമുണ്ടെന്നുള്ളതാണ് വാര്‍ത്ത. വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ് 18 ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ കുറിച്ചൊക്കെ മുമ്പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഒട്ടും രസകരമല്ലാത്ത കാര്യങ്ങള്‍ പുറത്തുവരുന്നത്. രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോലി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

കോലി പറയുന്ന പ്രധാന കാര്യങ്ങളിങ്ങനെ.. ''ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെ കൊണ്ടുവരണം. അതോടൊപ്പം ടി20 ക്യാപ്റ്റന്‍ സ്ഥാനവും രാഹുലിനെ ഏല്‍പ്പിക്കണം. വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് സ്ഥാനമേല്‍ക്കണം. രോഹിത്തിന് ഇപ്പോള്‍ 34 വയസായി. ടീമിന്റെ ഭാവി കണക്കിലെടുക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നില്‍ അര്‍ത്ഥമില്ല.'' കോലി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

രോഹിത്തിനെ നീക്കാന്‍ കോലി ആവശ്യപ്പെട്ടത് ബിസിസിഐയില്‍ ഭിന്നതയ്ക്കിടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ ഉദ്ദേശ്യശുദ്ധിയില്‍ ബിസിസിഐക്ക് സംശയമുണ്ട്. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നീക്കാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറായത്. 

എന്നാല്‍ ബിസിസിഐ രോഹിത്തിനെ പിന്താങ്ങുമെന്ന് സെക്രട്ടറി ജെയ് ഷായുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം. ഇന്ത്യന്‍ നായകന്റെ ജോലിഭാരത്തെ കുറിച്ച് ആറ് മാസമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് ജെയ് ഷാ പറഞ്ഞിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ നായകനാകണമെന്ന നിര്‍ബന്ധം ബിസിസിഐക്ക് ഇല്ലെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കിയത്.

മാത്രമല്ല, രോഹിത് ശര്‍മയ്ക്ക് ഡ്രസിംഗ് റൂമില്‍ കൃത്യമായി ഇടമുണ്ടായി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചിരുന്ന രോഹിത് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ എത്തിയതോടെയാണ് ടീമില്‍ അദ്ദേഹത്തിന് സ്വാധീനം ചെലുത്താനായത്. യുവതാരങ്ങളുമായി അദ്ദേഹത്തിന് രോഹിത്തിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ രോഹിത് ശര്‍മയുടെ അഭിപ്രായം സെലക്ടമാര്‍ തേടിയതും.

ടി20 നായകപദവിയില്‍ കോലിയുടെ പിന്‍ഗാമി തിളങ്ങിയാല്‍ 2023ല്‍ ഇന്ത്യ വേദിയായ ലോകകപ്പിന് മുന്‍പ് ഏകദിന ടീം തലപ്പത്തും മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!