
മുംബൈ: ഇംഗ്ലണ്ട് അമ്പയർ റിച്ചാർഡ് കെറ്റിൽബറോയും ഇന്ത്യയുടെ നോക്കൗട്ട് മത്സരങ്ങളും തമ്മിൽ എന്താണ് ബന്ധം?. ഇത്തവണ സെമിയിൽ മത്സരം നിയന്ത്രിക്കാൻ കെറ്റിൽബറോയില്ലെന്നത് ഇന്ത്യൻ ആരാധകർക്ക് ആശ്വാസവാർത്തയാണ്. ലോകകപ്പ് സെമിയിലേക്ക് ഇന്ത്യ കടന്നപ്പോൾ ആരാധകർ ഏറെയും പേടിച്ചത് കെറ്റിൽ ബെറോ എന്ന അംപയറെ. ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ടിൽ അഞ്ച് തവണയാണ് കെറ്റിൽ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്.
അഞ്ചിടത്തും ഇന്ത്യക്ക് നിരാശ. 2014ലെ ടി 20 ഫൈനലിലായിരുന്നു ആദ്യം. ഇന്ത്യ ശ്രീലങ്കയോട് തോറ്റത് ആറ് വിക്കറ്റിന്. തൊട്ടടുത്ത വർഷത്തെ ഏകദിന ലോകകപ്പ് സെമി. അന്ന് ഓസ്ട്രേലിയക്ക് മുന്നിൽ ടീം ഇന്ത്യ തകർന്നടിഞ്ഞു. 2016 ടി 20 ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റിൽ ബെറോ. അന്നും ഇന്ത്യ തോറ്റു. 2017ൽ ചാംപ്യൻസ് ട്രോഫി ഫൈനൽ. പാക്കിസ്ഥാന് മുന്നിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങി.
2019 ലോകകപ്പിൽ അപരാജിതരായി സെമിയിലെത്തിയ ഇന്ത്യൻ ടീമിനെ കെയ്ൻ വില്ല്യംസണും സംഘവും വീഴ്ത്തിയപ്പോഴും കളി നിയന്ത്രിച്ചവരിൽ ഒരാൾ കെറ്റിൽ ബെറോ. ഇത്തവണ ഇന്ത്യക്ക് വെല്ലുവിളിയാകാൻ കെറ്റിൽബെറോ ഇല്ലെന്ന ആശ്വാസത്തിലാണ് ആരാധകർ.
നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് സെമിയിൽ റിച്ചാർഡ് ഇല്ലിങ്‌വർത്തും റോഡ് ടക്കറുമാണ് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍. ജോയല്‍ വില്‍സണാണ് ടിവി അമ്പയര്‍. ആന്‍ഡി പൈക്രോഫ്റ്റ് ആണ് മാച്ച് റഫറി. 2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ തോറ്റപ്പോള്‍ കെറ്റില്‍ബറോക്ക് ഒപ്പം മത്സരം നിയന്ത്രിച്ചത് ഇംഗ്ലണ്ടുകാരനായ ഇല്ലിങ്‌വര്‍ത്ത് ആയിരുന്നുവെന്നത് ഇന്ത്യൻ ആരാധകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്.
എന്നാല്‍ കെറ്റിൽ ബെറോയ്ക്കെതിരെയുള്ള പ്രചാരണം അന്ധവിശ്വാസം മാത്രമെന്ന് പറയുന്നവരും ഏറെയാണ്. മറ്റന്നാള്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ രണ്ടാം സെമിയിൽ കെറ്റിൽ ബെറോയും ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോനുമാണ് ഓണ്‍ഫീല്‍ഡ് അംപയർമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!