നോക്കൗട്ടില്‍ അടിതെറ്റുന്ന കോലി, ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് ഈ കണക്കുകള്‍
2011 ലോകകപ്പിലെ സെമി പോരാട്ടമായിരുന്നു കോലിയുടെ കരിയറിലെ ആദ്യ നോക്കൗട്ട് പോരാട്ടം. അന്ന് പക്ഷെ പാകിസ്ഥാനെതിരെ ഒമ്പത് റണ്‍സിന് പുറത്തായി.

മുംബൈ: ലോകകപ്പിന്‍റെ ലീഗ് ഘട്ടം പൂര്‍ത്തിയായപ്പോൾ റണ്‍വേട്ടയിൽ മുന്നിലെത്തി അപാരഫോമിലാണ് വിരാട് കോലി. എന്നാൽ നോക്കൗട്ട് ഘട്ടം കോലിക്ക് അത്ര എളുപ്പമാകില്ലന്നാണ് മുൻകാല കണക്കുകൾ സൂചിപ്പിക്കുന്നത്. ഒമ്പത് കളിയിൽ രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും ഉൾപ്പടെ 594 റണ്‍സുമായാണ് റണ്‍വേട്ടക്കാരിൽ ക്വിന്‍റണ്‍ ഡി കോക്കിനെ മറികടന്ന് കോലി ഒന്നാമത് എത്തിയത്.
ന്യൂസിലന്‍ഡിനെതിരായ സെമിയിലും അതിനുശേഷം നടക്കുന്ന ഫൈനലിലും ഇന്ത്യയുടെ റണ്‍മെഷീൻ റണ്ണൊഴുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ മുൻലോകകപ്പുകളിലും ഐസിസി ടൂര്‍ണമെന്‍റുകളിലെ നോക്കൗട്ട് മത്സരങ്ങളിലും വിരാട് കോലിയുടെ പ്രകടനം അത്ര മികച്ചതല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഏകദിന ലോകകപ്പുകളുടെ മാത്രം കാര്യമെടുത്താല്‍ ഇതുവരെ കളിച്ച നാല് നോക്കൗട്ട് മത്സരങ്ങളില്‍ നിന്ന് കോലി നേടിയത് വെറും 46 റണ്‍സ് മാത്രമാണ്.
2011 ലോകകപ്പിലെ സെമി പോരാട്ടമായിരുന്നു കോലിയുടെ കരിയറിലെ ആദ്യ നോക്കൗട്ട് പോരാട്ടം. അന്ന് പക്ഷെ പാകിസ്ഥാനെതിരെ ഒമ്പത് റണ്‍സിന് പുറത്തായി. സെമി ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് കിരീടം നേടിയെങ്കിലും ഫൈനലില്‍ 35 റണ്‍സെ കോലിക്ക് നേടാനായുള്ളു. ഏകദിന ലോകകപ്പ് നോക്കൗട്ടിലെ കോലിയുടെ ഉയര്‍ന്ന സ്കോറും ഇതാണ്. സച്ചിനും സെവാഗും പുറത്തായശേഷം ഗംഭീറുമൊത്ത് മികച്ചൊരു കൂട്ടുകെട്ടുയര്‍ത്താന്‍ അന്ന് കോലിക്കായിരുന്നു.
2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെയും 2019ലെ സെമിയിൽ ന്യൂസിലൻഡിനെതിരെയും ഒരു റണ്‍ വീതമെടുത്ത് കോലി പുറത്തായി. ഈ രണ്ട് കളികളിലും ഇന്ത്യ തോറ്റു. ഇനി ചാമ്പ്യന്‍സ് ട്രോഫിയുടെ കാര്യമെടുത്താല്‍ 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ കോലി പുറത്തായത് അഞ്ച് റണ്‍സിനായിരുന്നു. ആ കളിയില്‍ ഇന്ത് വന്‍ തോല്‍വി വഴങ്ങി.
ടെസ്റ്റിന്‍റെ കാര്യമെടുത്താലും കോലിക്ക് അത്ര മികച്ച റെക്കോര്‍ഡില്ല. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 44 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സും മാത്രമാണ് കോലിക്ക് നേടാനായത്. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാകട്ടെ 14ഉം 49ഉം റണ്‍സെടുത്ത് പുറത്തായി. ഈ രണ്ട് കളികളും ഇന്ത്യ തോറ്റു. നാളെ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ നോക്കൗട്ടിലെ റണ്‍ വരള്‍ച്ചക്ക് കോലി അവസാനിമിട്ടാൽ 12 കൊല്ലത്തിന് ശേഷം ലോകകിരീടമെന്ന ഇന്ത്യയുടെ സ്വപ്നം എളുപ്പമാകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
