
മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ പല യുവതാരങ്ങള്‍ക്കും അവസരം നല്‍കിയെങ്കിലും റിങ്കു സിംഗിനെ തഴഞ്ഞത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഐപിഎല്‍ 2023 സീസണിലെ ഏറ്റവും മികച്ച ഫിനിഷറായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയ റിങ്കുവിനെ ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് കളിപ്പിക്കുക എന്ന ചോദ്യം ആരാധകർ മുന്നോട്ടുവെച്ചിരുന്നു. എന്തായാലും റിങ്കു സിംഗിനെ തേടി ഉടനൊരു സന്തോഷ വാർത്ത അജിത് അഗാർക്കർ ചെയർമാനായ സെലക്ഷന്‍ കമ്മിറ്റിയുടേതായി പുറത്തുവരും. വിന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന സ്ക്വാഡുകളിലുള്ളതിനാല്‍ ടി20യിലേക്ക് പരിഗണിക്കാതിരുന്ന ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദിനും അയർലന്‍ഡ് പര്യടനത്തില്‍ അവസരം ലഭിക്കും.
ഓഗസ്റ്റ് 18, 20, 23 തിയതികളിലായാണ് അയർലന്‍ഡില്‍ ടീം ഇന്ത്യ മൂന്ന് ട്വന്‍റി 20 മത്സരങ്ങള്‍ കളിക്കുക. ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിംഗ് ഉള്‍പ്പടെയുള്ള യുവ താരങ്ങള്‍ക്ക് പരമ്പരയില്‍ അവസരം ലഭിക്കും. ഭാവി താരങ്ങളെ കണ്ടെത്താന്‍ വ്യക്തമായ പദ്ധതികള്‍ സെലക്ടർമാരുടെ മനസിലുണ്ട്. 'ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത റിങ്കു സിംഗ് ഉള്‍പ്പടെയുള്ള താരങ്ങള്‍ അയർലന്‍ലേക്ക് പറക്കും. ഒരൊറ്റ പരമ്പരയില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് എല്ലാ താരങ്ങളേയും പരീക്ഷിക്കാനാവില്ല, ഇന്ത്യന്‍ ഏകദിന ടീമിലെ ഏഴ് താരങ്ങളെ ടി20 കളിപ്പിക്കില്ല. ഓഗസ്റ്റ് അവസരം ഏഷ്യാ കപ്പ് വരാനിരിക്കുന്നതിനാലാണിത്' എന്നും ബിസിസിഐ വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി. ഇതോടെ യുവനിരയാവും അയർലന്‍ഡിലേക്ക് ടി20 പരമ്പരയ്ക്കായി തിരിക്കുക എന്നുറപ്പായി.
വ്യത്യസ്ത പരമ്പരകളിലായി കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് അജിത് അഗാർക്കർ ചെയർമാനായ സെലക്ഷന്‍ കമ്മിറ്റി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സീനിയർ ടീമിലേക്ക് എത്തും മുമ്പ് കൂടുതല്‍ എ ടീം മത്സരങ്ങള്‍ താരങ്ങള്‍ക്ക് ഒരുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഇതിനായി ചില ബോർഡുകളുമായി ബിസിസിഐ ഇതിനകം ചർച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ യശസ്വി ജയ്‍സ്വാളും തിലക് വർമ്മയും മുകേഷ് കുമാറും ഇതിനകം ടി20 ടീമിലെത്തിയിട്ടുണ്ട്. ഇരുവരും അയർലന്‍ഡ് പര്യടനത്തിലുമുണ്ടാവാനാണ് സാധ്യത. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും അയർലന്‍ഡിലേക്കുണ്ടാകും എന്നാണ് സൂചന. വിന്‍ഡീസിനെതിരെ പരിഗണിക്കാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ അയർലന്‍ഡിനെതിരെ കളിക്കുമോ എന്നത് ആകാംക്ഷയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി ജിതേഷ് തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം