റിഷഭ് പന്ത് ക്യാപ്റ്റൻ, ബുംറയും കാമറൂണ്‍ ഗ്രീനും ടീമില്‍; ഐപിഎല്ലിൽ ആരാധകരെ നിരാശരാക്കിയ 'ഫ്ലോപ്പ് ഇലവൻ'

Published : Jun 01, 2026, 10:07 PM IST
Rishabh Pant

Synopsis

ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍റെ ഭാരവും ചുമന്ന് ക്രീസിലിറങ്ങിയ റുതുരാജ് ഗെയ്‌ക്‌വാദാണ് ഫ്ലോപ്പ് ഇലവന്‍റെ ഓപ്പണര്‍. കൊല്‍ക്കത്ത നായകനായ അജിങ്ക്യ രഹാനെ റുതുരാജിനൊപ്പം ഫ്ലോപ്പ് ഇലവനിലെ സഹ ഓപ്പണറാകുക.

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നിലനിർത്തിയതോടെ മറ്റൊരു ഐപിഎൽ സീസണിന് കൂടി കൊടിയിറങ്ങി. വമ്പൻ പ്രതീക്ഷകളുമായി വന്ന് കളിമറന്ന സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി ഐപിഎൽ 2026-ലെ 'ഫ്ലോപ്പ് ഇലവൻ' തെരഞ്ഞെടുത്താൽ അതില്‍ ആരൊക്കെ ഇടം നേടുമെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍റെ ഭാരവും ചുമന്ന് ക്രീസിലിറങ്ങിയ റുതുരാജ് ഗെയ്‌ക്‌വാദാണ് ഫ്ലോപ്പ് ഇലവന്‍റെ ഓപ്പണര്‍. കൊല്‍ക്കത്ത നായകനായ അജിങ്ക്യ രഹാനെ റുതുരാജിനൊപ്പം ഫ്ലോപ്പ് ഇലവനിലെ സഹ ഓപ്പണറാകുക. ചെന്നൈ സൂപ്പർ കിങ്സിനായി14 ഇന്നിങ്സുകളിൽ നിന്ന് 28.08 ശരാശരിയിൽ 337 റൺസ് മാത്രമാണ് ഈ സീസണില്‍ റുതുരാജ് നേടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ രഹാനെയാകട്ടെ 14 ഇന്നിങ്സുകളിൽ നിന്ന് 335 റൺസ് മാത്രമെടുത്ത് പൂർണ്ണമായി നിരാശപ്പെടുത്തി.

ലക്നൗ സൂപ്പർ ജയന്‍റ്സിന്‍റെ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പുരാനാണ് മൂന്നാം നമ്പറില്‍.14 ഇന്നിങ്സുകളിൽ നിന്ന് 234 റൺസ് മാത്രമാണ് പുരാൻ നേടിയത്. 127.86 സ്ട്രൈക്ക് റേറ്റിലായിരുന്നു പുരാന്‍റെ ബാറ്റിംഗ്. ഫ്ലോപ്പ് ഇലവന്‍റെ നായകനാവുന്നത് സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ലക്നൗ നായകന്‍ റിഷഭ് പന്ത് ആണ്. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, കാമറൂൺ ഗ്രീൻ, അക്ഷർ പട്ടേൽ എന്നിവരാണ് ഐപിഎല്‍ ഫ്ലോപ്പ് ഇലവന്‍റെ മധ്യനിരയിലുള്ളത്.

13 ഇന്നിങ്സുകളിൽ നിന്ന് 312 റൺസ് മാത്രമാണ് ഈ സീസണില്‍ റിഷഭ് പന്ത് നേടിയത്. പന്തിന്‍റെ ക്യാപ്റ്റൻസിയിൽ 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് ലക്നൗവിന് ജയിക്കാനായത്. മുംബൈ ഇന്ത്യൻസിന്‍റെ വിശ്വസ്തരായ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഇത്തവണ ബാറ്റിങ് മറന്നവരുടെ കൂട്ടത്തിലുണ്ട്. സൂര്യകുമാർ 13 ഇന്നിങ്സുകളിൽ നിന്ന് 270 റൺസ് മാത്രമെടുത്തപ്പോൾ, ഹാർദിക് പാണ്ഡ്യ 10 ഇന്നിങ്സുകളിൽ നിന്ന് 206 റൺസാണ് നേടിയത്. ബൗളിംഗിൽ പാണ്ഡ്യ വെറും 4 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്.

ഐപിഎൽ 2026 ലേലത്തിൽ റെക്കോർഡ് തുകയായ 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആണ് ഫ്ലോപ്പ് ഇലവന്‍റെ ഓള്‍ റൗണ്ടര്‍. ബാറ്റിംഗിൽ 322 റൺസ് നേടിയെങ്കിലും ബൗളിംഗിൽ 10-ന് മുകളിൽ ഇക്കോണമി വഴങ്ങി വെറും 7 വിക്കറ്റുകൾ മാത്രമാണ് ഗ്രീന്‍ വീഴ്ത്തിയത്. ഡൽഹി ക്യാപിറ്റൽസ് നായകൻ അക്ഷർ പട്ടേലാണ് ഫ്ലോപ്പ് ഇലവനിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍. 13 ഇന്നിങ്സുകളിൽ നിന്ന് 11 വിക്കറ്റുകൾ മാത്രമാണ് അക്ഷറിന് നേടാനായത്. ബാറ്റിംഗിൽ 11 ഇന്നിങ്സുകളിൽ നിന്ന് 173 റൺസ് മാത്രമായിരുന്നു സമ്പാദ്യം.

മുംബൈ ഇന്ത്യൻസിന്‍റെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറയും ഫ്ലോപ്പ് ഇലവനിലുണ്ട്. 13 മത്സരങ്ങളിൽ നിന്ന് വെറും 4 വിക്കറ്റുകൾ മാത്രമാണ് ബുമ്രയ്ക്ക് ഈ സീസണിൽ നേടാനായത്. 102.50 എന്ന മോശം ശരാശരിയിലായിരുന്നു ബുമ്രയുടെ ഇത്തവണത്തെ പ്രകടനം. മുംബൈയുടെ മറ്റൊരു ലോകോത്തര പേസറായ ട്രെന്‍റ് ബോൾട്ടും പവർപ്ലേകളിൽ വിക്കറ്റെടുക്കാൻ ബുദ്ധിമുട്ടി. 5 മത്സരങ്ങളിൽ നിന്ന് വെറും 2 വിക്കറ്റുകൾ മാത്രമാണ് ബോൾട്ട് നേടിയത്. 10 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകൾ മാത്രം വീഴ്ത്തിയ ലക്നൗവിന്‍റെ ലെഗ് സ്പിന്നർ ദിഗ്‌വേഷ് റാതിയും ഫ്ലോപ്പ് ഇലവന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

ഇംപാക്ട് പ്ലെയർ ഓപ്ഷനുകൾ

സൂപ്പർ താരങ്ങളായ രോഹിത് ശർമ്മ (283 റൺസ്), വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ (116 റൺസ്), ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ് (151 റൺസ്), ഒരു വിക്കറ്റ് പോലും നേടാനാകാത്ത പേസർ ഹർഷൽ പട്ടേൽ, സ്പിന്നർ കുൽദീപ് യാദവ് (10 വിക്കറ്റ്) എന്നിവരാണ് ഫ്ലോപ്പ് ലിസ്റ്റിലെ ഇംപാക്ട് പ്ലെയർമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിക്കറ്റില്‍ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി, ടെസ്റ്റിൽ പിങ്ക് ബോൾ പരീക്ഷണം, ഡ്രിങ്ക്സ് ബ്രേക്കിൽ പരിശീലകർക്ക് ഗ്രൗണ്ടിലിറങ്ങാം
'ക്രിസ് ഗെയ്‌ൽ പോലും അവനൊപ്പമെത്തില്ല', എത്രയും വേഗം വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് മുന്‍ ചീഫ് സെലക്ടര്‍