
മാഞ്ചസ്റ്റര്‍: കാലിലെ പരിക്ക് വകവെക്കാതെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ക്രീസിലെത്തി അര്‍ധസെഞ്ചുറി നേടിയ ഇന്ത്യയുടെ റിഷഭ് പന്ത് കുറിച്ചത് അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റ് പരമ്പരകളുടെ ചരിത്രത്തില്‍ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡാണ് നാലാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറി പിന്നിട്ടതോടെ റിഷഭ് പന്ത് സ്വന്തമാക്കിയത്. 75 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്ത് ഈ പരമ്പരയില്‍ ഇതുവരെ നാലു മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 68.42 ശരാശരിയില്‍ 479 റണ്‍സാണ് നേടിയത്.
1998ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് 465 റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡാണ് റിഷഭ് പന്ത് ഇന്ന് മറികടന്നത്. പരിക്കുമൂലം അവസാന ടെസ്റ്റില്‍ കളിക്കാന്‍ കഴിയാത്ത റിഷഭ് പന്തിനെ മറികടക്കാന്‍ മറ്റൊരു ഇംഗ്ലണ്ട് താരത്തിന് ഇത്തവണ അവസരമുണ്ട്. നാലു കളികളില്‍ 415 റണ്‍സെടുത്ത് ഇംഗ്ലണ്ട് കീപ്പര്‍ ജാമി സ്മിത്തിന് രണ്ട് ടെസ്റ്റുകളില്‍ നിന്ന് 65 റണ്‍സ് കൂടി നേടിയാല്‍ റിഷഭ് പന്തിനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കാനാവും.
ഇതിന് പുറമെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്കോറുകള്‍ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും റിഷഭ് പന്ത് മാഞ്ചസ്റ്ററില്‍ അര്‍ധസെഞ്ചുറി നേടിയതോടെ റിഷഭ് പന്ത് സ്വന്തമാക്കി. പരമ്പരയില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം അഞ്ച് തവണയാണ് റിഷഭ് പന്ത് 50 പ്ലസ് സ്കോര്‍ ചെയ്തത്. ഇംഗ്ലണ്ടിനെതിരെ 1972-73 പരമ്പരയില്‍ നാലു തവണ 50 പ്ലസ് സ്കോര്‍ നേടിയ ഫറൂഖ് എഞ്ചിനീയര്‍, 2008ല്‍ ഓസ്ട്രേലിയക്കെതിരെയും 2014ല്‍ ഇംഗ്ലണ്ടിനെതിരെയും നാലു തവണ വീതം 50 പ്ലസ് സ്കോര്‍ നേടിയ എം എസ് ധോണിയെയുമാണ് പന്ത് ഇന്നത്തെ അര്‍ധസെഞ്ചുറിയോടെ പിന്നിലാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!