തിരിച്ചുവരവില്‍ റിഷഭ് പന്ത് നിരാശപ്പെടുത്തി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായക ലീഡ്

Published : Oct 31, 2025, 05:55 PM IST
Rishabh Pant Disappointed

Synopsis

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ഒന്നാം ഇന്നിംഗ്‌സില്‍ 234 റണ്‍സിന് പുറത്തായി 75 റണ്‍സിന്റെ ലീഡ് വഴങ്ങി. 

ബംഗളൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി. ബംഗളൂരു, ബിസിസിഐ സെന്റര്‍ ഫോര്‍ എക്സെലന്‍സ് ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 309നെതിരെ ഇന്ത്യ 234ന് പുറത്താവുകയായിരുന്നു. 75 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. 65 റണ്‍സ് നേടിയ ആയുഷ് മാത്രെയാണ് ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ (32), ആയുഷ് ബദോനി (38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പ്രണേളാന്‍ സുബ്രായേന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്‌സിനെത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെടുത്തിട്ടുണ്ട്. ജോര്‍ദാന്‍ ഹെര്‍മന്‍ (12), ലെസേഗോ സെനൊക്വാനെ (9) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ 105 റണ്‍സ് ലീഡുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ മാത്രെ - സായ് സഖ്യം 90 റണ്‍സ് ചേര്‍ത്തു. മാത്രയെ പുറത്താക്കി ഷെപോ മൊറെകിയാണ് സന്ദര്‍ശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഇന്ത്യ തകര്‍ച്ച നേരിടുകയായിരുന്നു. ദേവ്ദത്ത് പടിക്കല്‍ (6), രജത് പടിധാര്‍ (19), ക്യാപ്റ്റന്‍ റിഷഭ് പന്ത് (17) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ സായ് സുദര്‍ശനും മടങ്ങി. മധ്യനിരയില്‍ ആയുഷ് ബദോനിയുടെ 38 റണ്‍സ് ഇന്ത്യക്ക് നേരിയ ആശ്വാസം നല്‍കി. തനുഷ് കൊട്ടിയാനാണ് (13) രണ്ടക്കം കണ്ട മറ്റൊരു താര. മാനവ് സുതര്‍ (4), അന്‍ഷുല്‍ കാംബോജ് (5), ഖലീല്‍ അഹമ്മദ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഗുര്‍നൂര്‍ ബ്രാര്‍ (1) പുറത്താവാതെ നിന്നു.

നേരത്തെ ദക്ഷിണാഫ്രിക്ക 309ന് എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ ദിവസത്തെ സ്‌കോറിനോട് 10 റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ചേര്‍ക്കാനായത്. ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മാനവ് സുതാറും ഗുര്‍നൂര്‍ ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 71 റണ്‍സെടുത്ത ജോര്‍ദാന്‍ ഹെര്‍മാനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. സുബൈര്‍ ഹംസ (66), റുബിന്‍ ഹെര്‍മാന്‍ (54), ടിയാന്‍ വാന്‍ വുറന്‍ (46) എന്നിവരും തിളങ്ങി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സായ് സുദര്‍ശന്‍, ആയുഷ് മാത്രെ, ദേവദത്ത് പടിക്കല്‍, രജത് പടിധാര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, തനുഷ് കൊട്ടിയാന്‍, അന്‍ഷുല്‍ കാംബോജ്, മാനവ് സുതര്‍, ഗൂര്‍ണൂര്‍ ബ്രാര്‍, ഖലീല്‍ അഹമ്മദ്.

ദക്ഷിണാഫ്രിക്ക: ജോര്‍ദാന്‍ ഹെര്‍മന്‍, ലെസെഗോ സെനോക്വാനെ, മാര്‍ക്വെസ് അക്കര്‍മാന്‍ (ക്യാപ്റ്റന്‍), സുബൈര്‍ ഹംസ, റൂബിന്‍ ഹെര്‍മന്‍, റിവാള്‍ഡോ മൂന്‍സാമി (വിക്കറ്റ് കീപ്പര്‍), ടിയാന്‍ വാന്‍ വുറന്‍, പ്രണേളാന്‍ സുബ്രായേന്‍, ഷെപോ മോറെകി, ലൂത്തോ സിപംല, ഒകുഹ്ലെ സെലെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്