
ബെംഗളൂരു: കാര്‍ അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് അതിവേഗം സുഖംപ്രാപിക്കുന്നു. ശസ്‌ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലുള്ള താരം അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് എന്‍സിഎയെയും ബിസിസിഐയേയും സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് പന്തിന് പൂര്‍ണ ഫിറ്റ്‌നസിലേക്ക് എത്താന്‍ കഴിയും എന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. എന്നാല്‍ താരത്തിന്‍റെ തുടര്‍ ചികില്‍സകള്‍ നീളാനും സാധ്യതയുണ്ട്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് റിഷഭ് പന്തിന്‍റെ തുടര്‍ ചികില്‍സകളും പരിശീലനവും. 2023ല്‍ കളിക്കാനാവില്ല എന്ന് മുമ്പ് കരുതിയ താരം എന്നാല്‍ അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുത്ത് വരികയാണ്. ക്രച്ചസിന്‍റെ സഹായമില്ലാതെ നടക്കാനും പടികള്‍ കയറാനും റിഷഭിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. കാലിലെ വേദന ഏതാണ്ട് അകന്നുകഴിഞ്ഞു. ഫിസിയോ എസ് രജിനികാന്തിന്‍റെ മേല്‍നോട്ടത്തില്‍ ശരീരത്തിന്‍റെ മെയ്‌വഴക്കം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് താരം. ഹാര്‍ദിക് പാണ്ഡ്യ, ജസ്‌പ്രീത് ബുമ്ര, മുരളി വിജയ് തുടങ്ങിയ താരങ്ങളുടെ പരിക്ക് ഭേദമാക്കിയ ഫിസിയോയാണ് രജനികാന്ത്. എന്‍സിഎയിലെ മറ്റൊരു ഫിസിയോ തുളസി റാം യുവ്‌രാജും റിഷഭ് പന്തിനൊപ്പമുണ്ട്. അക്വാ തെറാപ്പി, സ്വിമ്മിംഗ്, ടേബിള്‍ ടെന്നീസ് എന്നിവ പന്തിന്‍റെ പരിശീലനത്തിന്‍റെ ഭാഗമാണ്. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലുള്ള വിവിധ പ്രായപരിധിയിലുള്ള ടീമുകളുടെ സെഷനില്‍ ഭാവിതാരങ്ങള്‍ക്ക് ആവേശം പകരാന്‍ റിഷഭ് പങ്കെടുക്കുന്നുണ്ട്.
2022 ഡിസംബറില്‍ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ് റിഷഭ് പന്ത് അവസാനമായി കളിച്ചത്. അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇതിന് ശേഷം ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് റിഷഭിനെ മാറ്റുകയും ശസ്‌ത്രക്രിയ നടത്തുകയുമായിരുന്നു.
Read more: സഹായമില്ലാതെ നടത്തം, ടേബിള്‍ ടെന്നീസ്; റിഷഭ് പന്ത് കരുത്തോടെ തിരിച്ചുവരുന്നു- വീഡിയോ വൈറല്‍