ഋഷഭ് പന്തിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കി; മുഷ്താഖ് അലി ടി20യില്‍ കളിച്ച് ഫോം വീണ്ടെടുക്കാന്‍ നിര്‍ദേശം

By Web TeamFirst Published Nov 23, 2019, 8:06 PM IST
Highlights

രണ്ടാം ടെസ്റ്റില്‍ ഗില്ലിന് ഇനി അവസരം ഇല്ലാത്ത സാഹചര്യത്തിലാണ് ഒഴിവാക്കിയതെങ്കില്‍ ഫോം വീണ്ടെടുക്കാനായാണ് ഋഷഭ് പന്തിനെ ഒഴിവാക്കിയത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെയും ശുഭ്മാന്‍ ഗില്ലിനെയും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന ടീമില്‍ നിന്നൊഴിവാക്കി. ഇരുവരും മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിക്കും. പന്തിന് പകരം ശ്രീകര്‍ ഭരതിനെ വൃദ്ധിമാന്‍ സാഹയ്ക്ക് കവറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റില്‍ ഗില്ലിന് ഇനി അവസരം ഇല്ലാത്ത സാഹചര്യത്തിലാണ് ഒഴിവാക്കിയതെങ്കില്‍ ഫോം വീണ്ടെടുക്കാനായാണ് ഋഷഭ് പന്തിനെ ഒഴിവാക്കിയത്. സമീപകാലത്ത് മോശം ഫോമിലായിരുന്ന ഋഷഭ് പന്തിനെ ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയുമുള്ള ടെസ്റ്റ് ടീമുകളില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫസ്റ്റ് ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. പന്തിന് പകരം കീപ്പറായ വൃദ്ധിമാന്‍ സാഹ വിക്കറ്റിന് പിന്നില്‍ മികവ് കാട്ടിയതോടെ ടെസ്റ്റില്‍ തല്‍ക്കാലത്തേക്കെങ്കിലും പന്തിന്റെ അവസരം അടഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി20യിലും ഋഷഭ് പന്തിന് കാര്യമായി തിളങ്ങാനായിരുന്നില്ല. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ ഇടം നേടിയ പന്തിന് ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യതയാണ്. വിന്‍ഡീസിനെതിരെയും പരാജയപ്പെട്ടാല്‍ മറ്റ് വിക്കറ്റ് കീപ്പര്‍മാരിലേക്ക് സെലക്ടര്‍മാര്‍ ശ്രദ്ധ തിരിക്കാന്‍ സാധ്യതയേറെയാണ്.

click me!