
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനിടെ ബൗണ്‍സറേറ്റ് തലയ്‌ക്ക് പരിക്കേറ്റ ഋഷഭ് പന്ത് ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായി സ്‌പെഷ്യലിസ്റ്റ് ഡോക്‌ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് എന്ന് ബിസിസിഐ അറിയിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഇരട്ട പ്രഹരമായി പന്തിന്‍റെ പരിക്ക്
വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ 44-ാം ഓവറിലാണ് പന്തിന് പരിക്കേറ്റത്. ഓസീസ് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ അടിച്ചകറ്റാനുള്ള ശ്രമിത്തിനിടെ ബോള്‍ ബാറ്റില്‍ കൊണ്ടശേഷം ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഈ പന്തില്‍ ആഷ്‌ടണ്‍ ടര്‍ണര്‍ പിടിച്ച് ഋഷഭ് പുറത്താവുകയും ചെയ്തു. 33 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുകളും അടക്കം 28 റണ്‍സാണ് ഋഷഭ് നേടിയത്.
ഋഷഭിന് പകരം കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ടായി മനീഷ് പാണ്ഡെയെ ഇന്ത്യ ഇറക്കിയിരുന്നു. ആദ്യ ഏകദിനത്തില്‍ ഹിമാലയന്‍ തോല്‍വിക്ക് പുറമെയാണ് ഋഷഭ് പന്തിന്‍റെ പരിക്ക് ഇന്ത്യന്‍ ടീമിനെ അലട്ടുന്നത്. ഋഷഭിന് പകരം വാംഖഡെയില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. അടുത്ത മത്സരത്തില്‍ പന്തിന് കളിക്കാനാകാതെ വന്നാല്‍ മുന്‍നിര ബാറ്റ്സ്‌മാനായ രാഹുലിന്‍റെ വര്‍ക്ക് ലോഡ് കൂടുകയും ചെയ്യും.
ഇന്ത്യക്ക് സ്വന്തം മണ്ണില്‍ അപ്രതീക്ഷിത തോല്‍വി
വാംഖഡെയില്‍ 10 വിക്കറ്റിന്‍റെ വമ്പന്‍ തോല്‍വിയാണ് ടീം ഇന്ത്യ നേരിട്ടത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255ന് പുറത്തായപ്പോള്‍ മറുപടി ഇന്നിംഗ്‌സില്‍ ഓസീസ് 37.4 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തി. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (128), ആരോണ്‍ ഫിഞ്ച് (110) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ ജയിപ്പിച്ചത്. സ്റ്റാര്‍ പേസര്‍മാരായ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഓസീസിന് ഭീഷണിയുയര്‍ത്താനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!