റിഷഭ് പന്തിന് സെഞ്ചുറി, പിന്നാലെ ഗില്ലും കരുണും വീണു; ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് ബാറ്റുവീശി ഇന്ത്യ

Published : Jun 21, 2025, 05:16 PM IST
Rishabh Pant Century

Synopsis

വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തി146 പന്തില്‍ ഏഴാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് പതിവുപോലെ സമ്മ‍ർ സോള്‍ട്ട് അടിച്ചാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തും സെഞ്ചുറി നേടിയതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെന്ന ശക്തമായ നിലയിലാണ്. 118 റണ്‍സുമായി റിഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസില്‍. 147 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും റണ്ണൊന്നുമെടുക്കാത്ത കരുണ്‍ നായരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്.

വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തി146 പന്തില്‍ ഏഴാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് പതിവുപോലെ സമ്മ‍ർ സോള്‍ട്ട് അടിച്ചാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്. നാലാം വിക്കറ്റില്‍ ഗില്ലും റിഷഭ് പന്തും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. പന്ത് സെഞ്ചുറി നേടിയതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിലാണ് ശുഭ്മാൻ ഗില്‍ പുറത്തായത്. 227 പന്ത് നേരിട്ട ഗില്‍ 147 റണ്‍സുമായാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കരുണ്‍ നായരാകട്ടെ ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച് ഒല്ലി പോപ്പിന്‍റെ പറക്കും ക്യാച്ചില്‍ പുറത്തായി.

 

359-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ ഇംഗ്ലണ്ടിന്‍റെ ന്യൂബോള്‍ ആക്രമണത്തെ കരുതലോടെയാണ് നേരിട്ടത്. എന്നാല്‍ പിച്ചില്‍ നിന്ന് യാതൊരു സഹായലവും ലഭിക്കാതെ ഇംഗ്ലീഷ് പേസര്‍മാര്‍ വിയര്‍ത്തപ്പോൾ ഗില്ലും പന്തും ചേര്‍ന്ന് അനായാസം സ്കോര്‍ ഉയര്‍ത്തി. ഷൊയ്ബ് ബഷീറിനെ ഫോറും സിക്സും അടിച്ച് ഇന്ത്യയെ 400 കടത്തിയ റിഷഭ് പന്ത് ആണ് രണ്ടാം ദിനം കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സെ‌ഞ്ചുറിക്ക് ശേഷവും ആക്രമിച്ചു കളിച്ച റിഷഭ് പന്ത് ഇതുവരെ 11 ഫോറും ആറ് സിക്സും പറത്തിയിട്ടുണ്ട്. വ്യക്തിഗത സ്കോര്‍ 124ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ പന്തിനെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് പാഴാക്കിയത് ഇംഗ്ലണ്ടിന് കനത്ത പ്രഹരമായി.

സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍(101), കെ എല്‍ രാഹുല്‍(42), സായ് സുദര്‍ശന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍