
മുംബൈ: മഹാരാഷ്ട്ര പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്‍റില്‍ ഇന്നലെ നടന്ന കോലാപ്പൂര്‍ ടസ്കേഴ്സും റെയ്ഗാഡ് റോയല്‍സും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍സ് ആറ് വിക്കറ്റിന് ജയിച്ച് ക്വാളിഫയറിലെത്തിയെങ്കിലും മത്സരത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.ആദ്യം ബാറ്റ് ചെയ്ത കോലാപ്പൂര്‍ ടസ്കേഴ്സ് റോയല്‍സിന് 165 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്.
54 പന്തില്‍ 74 റണ്‍സടിച്ച ഓപ്പണര്‍ വിക്കി ഓസ്ട്സ്വാളിന്‍റെ ബാറ്റിംഗ് മികവിലാണ് റോയല്‍സ് മത്സരത്തില്‍ ജയിച്ചു കയറിയത്. ബാറ്റിംഗിനിടെ വിക്കി ഓട്സ്വാളും സഹതാരവും ചേര്‍ന്ന് ഡബിള്‍ ഓടുന്നതിനിടെ പിച്ചിന് നടുവില്‍ പരസ്പരം കൂട്ടിയിടിച്ച് വീണെങ്കിലും ഇരുവരെയും റണ്ണൗട്ടാക്കാന്‍ ടസ്കേഴ്നിന് കഴിയാതിരുന്നത് റോല്‍സിന്‍റെ ജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.
ടസ്കേഴ്സ് ബൗളര്‍ അട്മന്‍ പോറെയുടെ പന്ത് തട്ടിയിട്ടാണ് ഓട്സ്വാള്‍ രണ്ടാം റണ്ണിനായി ഓടിയത്. പന്തിലേക്ക് നോക്കി ഓടിയ രണ്ട് ബാറ്റര്‍മാരും പിച്ചിന് നടുവില്‍ വെച്ച് പരസ്പരം കൂട്ടിയിടിച്ച് വീഴുകയായിരുന്നു. ഇതിനിടെ പന്തെടുത്ത ഫീല്‍ഡര്‍ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞു കൊടുത്തെങ്കിലും ഓട്സ്വാളിനെ റണ്ണൗട്ടാക്കാതെ അദ്ദേഹം പന്ത് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ റണ്ണൗട്ടിനായി ബൗളര്‍ക്ക് എറിഞ്ഞു കൊടുത്തു. എന്നാല്‍ വിക്കറ്റ് കീപ്പറുടെ ത്രോ കൈയിലൊതുക്കാൻ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ പോറെക്കായില്ല.
ഇതിനിടെ നോണ്‍ സ്ട്രൈക്കര്‍ ഓടി ക്രീസില്‍ കയറി. അപ്പോഴും ഓട്സ്വാള്‍ പിച്ചിന് നടുവില്‍ വീണ് കിടക്കുകയായിരുന്നു. ഇതു കണ്ട ടസ്കേഴ്സ് താരം രാഹുല്‍ ത്രിപാഠി പോറെയുടെ കൈയില്‍ നിന്ന് വഴുതി പോയ പന്തെടുത്ത് ഓട്സ്വാളിനെ റണ്ണൗട്ടാക്കാനായി നേരെ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടി. ഇതു കണ്ട ഓട്സ്വാളാകട്ടെ ബാറ്റ് നഷ്ടമായെങ്കിലും ആദ്യം ഇഴഞ്ഞു നീങ്ങിയും പിന്നെ ഓടി വിണും ക്രീസിലെത്തി. ഫലത്തില്‍ രണ്ടുപെരെയും റണ്ണൗട്ടാക്കാന്‍ ടസ്കേഴ്സിനായില്ല. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ റെയ്ഗാഡ് റോയല്‍സ് പുനേരി ബാപ്പയെ നേരിടും. ആദ്യ ക്വാളിഫയര്‍ ജയിച്ച് ഈഗിള്‍ നാസിക് ടൈറ്റന്‍സ് നേരത്തെ ഫൈനലിലെത്തിയിരുന്നു. നാളെയാണ് ഫൈനല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക