'പന്തിന്‍റെ കൈവിട്ട കളി പേടിപ്പെടുത്തുന്നു'; കൂടുതല്‍ ശ്രദ്ധയോടെ കളിക്കണമെന്ന മുന്നറിയിപ്പുമായി പരിശീലകന്‍

By Web TeamFirst Published Sep 20, 2019, 7:53 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഋഷഭ് പന്ത് പുറത്തായ വിധം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതാദ്യമായല്ല മോശം ഷോട്ട് കളിച്ച് പുറത്താവുന്നതിന് പന്ത് രൂക്ഷ വിമര്‍ശനം നേരിടുന്നത്

ദില്ലി: യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് ബാറ്റിംഗില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് വിരാട് കോലിയുടെ ബാല്യകാല പരിശീലകന്‍ രാജ്‌കുമാര്‍ ശര്‍മ്മ. ടി20 ഋഷഭിന്‍റെ ഇഷ്ടപ്പെട്ട ഫോര്‍മാറ്റാണ്. അവിടെ മികവ് കാട്ടാനായില്ലെങ്കില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പന്ത് മാച്ച് വിന്നറും ഇംപാക്‌റ്റ് പ്ലെയറുമാണെന്നും രാജ്‌കുമാര്‍ ശര്‍മ്മ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഋഷഭ് പന്ത് പുറത്തായ വിധം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരത്തില്‍ നാല് റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. ഇതാദ്യമായല്ല മോശം ഷോട്ട് കളിച്ച് പുറത്താവുന്നതിന് പന്ത് രൂക്ഷ വിമര്‍ശനം നേരിടുന്നത്. ഭയമില്ലാത്ത ക്രിക്കറ്റും ശ്രദ്ധയില്ലാത്ത ക്രിക്കറ്റും തമ്മിലുള്ള വ്യത്യാസം താരങ്ങള്‍ തിരിച്ചറിയണമെന്ന് മത്സരത്തിന് മുന്‍പ് ബാറ്റിംഗ് പരിശീലകന്‍ വിമ്രം റാത്തോഡ് അഭിപ്രായപ്പെട്ടിരുന്നു. 

പന്തിന്‍റെ ഇപ്പോഴത്തെ മോശം ബാറ്റിംഗ് തന്നെ ഭയപ്പെടുത്തുന്നു. പരിശീലകന്‍ രവി ശാസ്‌ത്രി ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് എന്നിവരില്‍ നിന്നുണ്ടായ വിലയിരുത്തലുകള്‍ അവഗണിക്കാനാവില്ല. ഇന്ത്യന്‍ ടീമിന്‍റെ നിലവിലെ പ്രകടനം കാണുമ്പോള്‍ ഈ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക തിരിച്ചെത്തും എന്ന് കരുതുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്ക് പരിചയസമ്പത്തിന്‍റെ കുറവുണ്ട്. മൂന്നാം ടി20യും ഇന്ത്യ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്‌കുമാര്‍ ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

click me!