
ലക്‌നൗ: ഐപിഎല്ലില്‍ റിഷഭ് പന്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രമാണ് പന്ത് നേടിയത്. 12.27 ശരാശരിയില്‍ 135 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. 11 ഇന്നിംഗ്‌സുകളില്‍ താരം ബാറ്റ് ചെയ്തു. 100 എന്ന് മോശം സ്‌ട്രൈക്ക് റേറ്റും സ്വന്തം. ഉയര്‍ന്ന സ്‌കോര്‍ 63. അതുകൂടി ഇല്ലായിരുന്നെങ്കില്‍ പന്തിന്റെ അവസ്ഥ ഇതിലും ശോകമായേനെ.
പന്തിന്റെ പ്രകടനത്തില്‍ ആരാധകരും നിരാശരാണ്. എന്തിന് പറയുന്നു ലക്‌നൗ ഉടമ തന്റെ നിരാശ പ്രകടമാക്കുകയും ചെയ്തു. ലക്‌നൗ ക്യാപ്റ്റന്റെ വിക്കറ്റ് തെറിച്ചതിന് പിന്നാലെ നിരാശനായ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ ചിത്രം വൈറലാണ്. അതുവരെ ബാല്‍ക്കണിയില്‍ മത്സരം കണ്ടുകൊണ്ടിരുന്ന സഞ്ജീവ് ഗോയങ്ക പന്തിന്റെ വിക്കറ്റ് കണ്ട് നിരാശനായി അകത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.
മൊത്തം ഐപിഎല്‍ സീസണുകളെടുത്താല്‍ ഏറ്റവും കുറഞ്ഞ ശരാശരിയുള്ള താരങ്ങളില്‍ ഒരാളായി മാറും പന്ത്. ഇക്കാര്യത്തില്‍ മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ഒന്നാമത്. 2021 സീസണില്‍ 11.08 ശരാശരിയാണ് മോര്‍ഗന് ഉണ്ടായിരുന്നത്. രണ്ടാമത് ഹര്‍ഭജന്‍ സിംഗ്. 2012 സീസണില്‍ ഹര്‍ഭജന്റെ ശരാശരി 12.00 മാത്രമായിരുന്നു. പിന്നാലെ റിഷഭ് പന്ത്. ഈ സീസണില്‍ ശരാശരി 12.27 മാത്രം. പന്തിന് പിന്നില്‍ ആര്‍ അശ്വിന്‍. 2018ല്‍ മുന്‍ ഇന്ത്യന്‍ സ്പിന്നറുടെ ശരാശരി 12.75 ആയിരുന്നു. മോശം പ്രകടനത്തിന് പിന്നാലെ ട്രോളുകളില്‍ നിറയുകയാണ് പന്ത്. ചില പോസ്റ്റുകള്‍ വായിക്കാം..
ഇന്നലെ ഹൈദരാബാദിനോട് തോറ്റതോടെ ലക്‌നൗ ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ജീവന്മരണ പോരില്‍ ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് ടീം പരാജയപ്പെട്ടത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഭിഷേക് ശര്‍മ (20 പന്തില്‍ 59), ഹെന്റിച്ച് ക്ലാസന്‍ (28 പന്തില്‍ 47), കാമിന്ദു മെന്‍ഡിസ് (21 പന്തില്‍ 32), ഇഷാന്‍ കിഷന്‍ (28 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്.
ലക്നൗവിന് വേണ്ടി ദിഗ്വേഷ് രത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗവിനെ മിച്ചല്‍ മാര്‍ഷ് (39 പന്തില്‍ 65), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (26 പന്തില്‍ 45) മികച്ച പ്രകടനം പുറത്തെടുത്തു. ഹൈദരാബാദിന് വേണ്ടി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.