ഋഷഭ് പന്തിനെ എഴുതിത്തള്ളണ്ട; വമ്പന്‍ പ്രവചനവുമായി ഗാംഗുലി

By Web TeamFirst Published Sep 21, 2019, 12:09 PM IST
Highlights

അലക്ഷ്യ ഷോട്ടുകള്‍ കളിച്ച് പുറത്താവുന്ന പന്ത് രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. എന്നാല്‍ പന്തിനെ പൂര്‍ണമായും പിന്തുണച്ചാണ് ദാദ സംസാരിക്കുന്നത്. 

കൊല്‍ക്കത്ത: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിലയുറപ്പിക്കാന്‍ വട്ടംകറങ്ങുകയാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത്. അലക്ഷ്യ ഷോട്ടുകള്‍ കളിച്ച് പുറത്താവുന്ന പന്ത് രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൊഹാലി ടി20യില്‍ നാല് റണ്‍സില്‍ പന്ത് പുറത്തായത് ഒടുവിലത്തെ ഉദാഹരണം. പന്തിനെതിരായ വിമര്‍ശനങ്ങള്‍ കടുക്കുമ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി.

ഋഷഭ് പന്തിനെ പൂര്‍ണമായും പിന്തുണച്ച് ദാദയുടെ വാക്കുകളിങ്ങനെ. ലോകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം അസാധാരണമായിരുന്നു. എന്നാല്‍ ഇന്ത്യ സെമിയില്‍ പരാജയപ്പെട്ടു. എക്‌സ് ഫാക്‌ടറുകളായ താരങ്ങളെയും ഭാവി താരങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഋഷഭ് പന്ത് അവരിലൊരാളാണ് എന്നുറപ്പുണ്ട്. പന്ത് മാച്ച് വിന്നറായി മാറുന്നത് കാണാന്‍ കാത്തിരിക്കണം. എന്നാല്‍ മാച്ച് വിന്നറാകണമെങ്കില്‍ പന്തിനെ അദേഹത്തിന്‍റെ ശൈലിക്കനുസരിച്ച് കളിക്കാന്‍ അനുവദിക്കണം.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ടീമിന്‍റെ എക്‌സ് ഫാക്‌ടറാണെന്ന് ഗാംഗുലി പറയുന്നു. പ്രതിരോധിച്ച് കളിക്കുന്ന, ആക്രമിക്കുന്ന, സ്‌ട്രൈക്കുകള്‍ കൈമാറുന്ന നിരവധി താരങ്ങളുണ്ട്. കോലിയും ധവാനുമൊക്കെ അതിന് ഉദാഹരണമാണ്. എന്നാല്‍ പന്തും പാണ്ഡ്യയും എക്‌സ് ഫാക്‌ടറുകളാണ്. മത്സരത്തിന്‍റെ ഗതി മാറ്റിയേക്കാവുന്ന വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ ഇവര്‍ക്കാകും. പന്ത് ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ് എന്നും ദാദ പറഞ്ഞു. 

click me!