
റായ്പൂര്‍: റോഡ് സേഫ്റ്റി സീരീസ് ഫൈനലില്‍ ശ്രീലങ്ക ലെന്‍ഡ്സിനെ 33 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്സ് കീരിടം നേടി. 196 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ലെജന്‍ഡ്സ്18.5 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ തിലകരത്നെ ദില്‍ഷന്‍ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആറാമനായി ഇറങ്ങി 22 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ ജയരത്നെ ആണ് ലങ്കയുടെ ടോപ് സ്കോററായത്. സ്കോര്‍ ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ 195-6സ ശ്രീലങ്ക ലെജന്‍ഡസ് 18.5 ഓവറില്‍ 162ന് ഓള്‍ ഔട്ട്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സടിച്ചത്, അപരാജിത സെഞ്ചുറിയുമായി തകര്‍ത്തടിച്ച നമാന്‍ ഓജയാണ്(108) ഇന്ത്യ ലെജന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍. വിനയ് കുമാര്‍ 36 റണ്‍സെടുത്തു.
തുടക്കം മുതല്‍ വരിഞ്ഞുകെട്ടി
ഇന്ത്യ ലെജന്‍ഡ്സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക ലെജന്‍ഡ്സിന് ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. സനത് ജയസൂര്യയെ(5) വിനയ്കുമാര്‍ തുടക്കത്തിലെ വീഴ്ത്തി.പിന്നാലെ ദില്‍ഷന്‍ മുനവീരയും(8)മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെ ഉണ്ടായിരുന്നുള്ളു. ക്യാപ്റ്റന്‍ ദില്‍ഷനും(11), ഉപുല്‍ തരംഗക്കും(10) ക്രീസില്‍ അധികം ആയസുണ്ടായില്ല. അസേല ഗുണരത്നെയെ(19) യൂസഫ് പത്താന്‍ മടക്കിയതോടെ 41-4ലേക്ക് വീണുപോയ ലങ്കന്‍ സ്കോറിന് ജീവന്‍ മെന്‍ഡിസിന്‍റെയും(20) ഇഷാന്‍ ജയരത്നെയുടെയും, മഹേല ഉദ്വാതെയുടെയും പോരാട്ടം പ്രതീക്ഷ നല്‍കിയങ്കിലും തോല്‍വിഭാരം കുറക്കാനെ അതുകൊണ്ടായുള്ളു.
21 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജയരത്നെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ക്യാംപില്‍ ഭീതിവിതച്ചെങ്കിലും 19ാം ഓവറില്‍ ജയരത്നെയെ വിനയ്കുമാര്‍ വീഴ്ത്തിയതോടെ ലങ്കന്‍ ലെജന്‍ഡ്സിന്‍റെ പോരാട്ടം തീര്‍ന്നു. ജയരത്നെ 22 പന്തില്‍ 51 റണ്‍സടിച്ചു. നാലു ഫോറും നാല് സിക്സും അടങ്ങുന്നതാണ് ജയരത്നെയുടെ ഇന്നിംഗ്സ്. ഇന്ത്യ ലെജന്‍ഡ്സിനായി വിനയ് കുമാര്‍ മൂന്നും അഭിമന്യു മിഥുന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടേസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ലെജന്‍ഡ്സിന്‍റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുക്കര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. നുവാന്‍ കുലശേഖരയാണ് സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. തൊട്ടുപിന്നാലെ സുരേഷ് റെയ്നയെും കുലശേഖര തന്നെ മടക്കി. രണ്ട് പന്തില്‍ നാലു റണ്‍സെടുത്ത റെയ്നനയെ കുലശേഖര മെന്‍ഡിസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നോവറില്‍ 19-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യ ലെജന്‍ഡ്സിന് ഓപ്പണര്‍ നമാന്‍ ഓജയും വിനയ് കുമാറും ചേര്‍ന്ന് കരകയറ്റി.
പന്തുകൊണ്ട് കണ്ണിന് പരിക്ക്; ഞെട്ടിക്കുന്ന ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ യുവതാരം
പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യ ലെജന്‍ഡ്സിനെ 51 റണ്‍സിലെത്തിച്ചു. 11.3 ഓവറില്‍ ഇന്ത്യയെ 109ല്‍ എത്തിച്ചശേഷമാണ് ഇരുവരും വേര്‍പിരപിഞ്ഞത്. 90 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
വിനയ് കുമാര്‍ പുറത്തായശേഷം യുവരാജ് സിംഗ്(19), ഇര്‍ഫാന്‍ പത്താന്‍(11) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ലെജന്‍ഡ്സിനായി രണ്ടക്കം കടന്നത്. യൂസഫ് പത്താന്‍(0)നിരാശപ്പെടുത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി രണ്ട് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 68 പന്തില്‍ സെഞ്ചുറി തികച്ച ഓജ 71 പന്തില്‍ 108 റണ്‍സുമായി പുറത്താകാതെ നിന്നു. 15 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് ഓജയുടെ ഇന്നിംഗ്സ്. ശ്രീലങ്കക്കായി കുലശേഖര മൂന്ന് വിക്കറ്റും ഉദാന രണ്ടു വിക്കറ്റുമെടുത്തു.