
ദില്ലി: സമകാലീന ക്രിക്കറ്റില്‍ പ്രതിഭകൊണ്ടും പ്രകടനം കൊണ്ടും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന താരങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോലിയും ക്രിസ് ഗെയ്‌ലും എ ബി ഡിവില്ലിയേഴ്സുമെല്ലാം. എന്നാല്‍ സ്ഥിരതയുടെ കാര്യത്തില്‍ ഇവരെല്ലാം കോലിക്ക് ഒരുപടി പിന്നില്‍ നില്‍ക്കേണ്ടിവരും. അതിന് കാരണം എന്താണെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടിലാണ് മറ്റുള്ളവരില്‍ നിന്ന് കോലിയെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം എന്താണെന്ന് ഗംഭീര്‍ വ്യക്തമാക്കിയത്.
പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലിയെന്ന് തുറന്നുപറഞ്ഞ ഗംഭീര്‍, സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവാണ് മറ്റുള്ളവരെക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കോലിയെ സഹായിക്കുന്നതെന്നും വ്യക്തമാക്കി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓരോ പന്തിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കോലി ശ്രമിക്കാറുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.
രോഹിത്തിന് വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കവിവുണ്ട്. പക്ഷെ കോലിയെപ്പോലെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവില്ല. അതുകൊണ്ടാണ് കോലി രോഹിത്തിനെക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത്. ക്രിസ് ഗെയ്‌ലിനെ നോക്കു, അദ്ദേഹത്തിനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിവില്ല. അതുപോലെ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ എല്ലാ പന്തിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ഡിവില്ലിയേഴ്സിനും കഴിയാറില്ല. അതുകൊണ്ടാണ് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കോലിയുടെ ശരാശരി 50ന് മുകളില്‍ നില്‍ക്കുന്നത്.
ആളുകള്‍ റണ്ണെടുക്കാന്‍ കഴിയാതിരിക്കുന്ന പന്തുകള്‍ക്ക്(ഡോട്ട് ബൗള്‍) വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ നിങ്ങളെത്ര കുറവ് ഡോട്ട് ബോളുകള്‍ കളിക്കുന്നുവോ അത്രത്തോളം സമ്മര്‍ദ്ദം ബാറ്റിംഗില്‍ കുറയുമെന്ന കാര്യം മറക്കരുത്. ക്രിക്കറ്റില്‍ സിക്സിന് ഫോറിനോ ശ്രമിക്കുന്നതാണ് ഏറ്റവം എളുപ്പം. കാരണം അത് വഴി വലിയ റിസ്കാണ് നിങ്ങളെടുക്കുന്നത്.
അത് വിജയിച്ചാല്‍ എല്ലാവര്‍ക്കും സന്തോഷമാവും. എന്നാല്‍ അത് വിജയിച്ചില്ലെങ്കില്‍ പവലിയിനിലേക്ക് തിരികെ നടക്കേണ്ടിവരും. എന്നാല്‍ ലോക ക്രിക്കറ്റില്‍ ഓരോ പന്തിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിവുള്ള ചുരുക്കം ചിലര്‍ മാത്രമെയുള്ളു. അവരിലൊരാള്‍ കോലിയാണ്. അതാണ് കോലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും-ഗാംഭീര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!