Latest Videos

ടി20 ലോകകപ്പ്:ഉന്‍മുക്ത് ചന്ദ് ഇല്ല, അമേരിക്കൻ ടീമിനെ നയിക്കുക മറ്റൊരു ഇന്ത്യൻ താരം, കോറി ആന്‍ഡേഴ്സണും ടീമിൽ

By Web TeamFirst Published May 4, 2024, 11:04 AM IST
Highlights

മൊനാങ്കിന് പുറമെ മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങള്‍ അമേരിക്കൻ ടീമിലെത്തി. ഗുജറാത്തിനായി അണ്ടര്‍ 16, അണ്ടര്‍ 19 തലത്തില്‍ കളിച്ചിട്ടുള്ള 31കാരനായ വിക്കറ്റ് കീപ്പ‍ർ ബാറ്ററാണ് ക്യാപ്റ്റനായ മൊനാങ്ക് പട്ടേൽ.

ന്യൂയോര്‍ക്ക്: ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള അമേരിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ച മുന്‍ ഇന്ത്യൻ അണ്ടര്‍ 19 ക്യാപ്റ്റൻ ഉന്‍മുക്ത് ചന്ദിന് ടീമില്‍ ഇടമില്ല.എന്നാല്‍ മൊനാങ്കിന് പുറമെ മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങള്‍ അമേരിക്കൻ ടീമിലെത്തി. ഗുജറാത്തിനായി അണ്ടര്‍ 16, അണ്ടര്‍ 19 തലത്തില്‍ കളിച്ചിട്ടുള്ള 31കാരനായ വിക്കറ്റ് കീപ്പ‍ർ ബാറ്ററാണ് ക്യാപ്റ്റനായ മൊനാങ്ക് പട്ടേൽ.

മൊനാങ്കിന് പുറമെ 2018-2019 രഞ്ജി സീസണില്‍ കളിച്ച വലം കൈയന്‍ ബാറ്റര്‍ മിലിന്ദ് കുമാറാണ് അമേരിക്കന്‍ ടീമിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരം.2019ലെ രഞ്ജി സീസണുശേഷമാണ് മിലിന്ദ് കുമാര്‍ കൂടുതല്‍ അവസരങ്ങള്‍ക്കായി അമേരിക്കയിലേക്ക് കുടിയേറിയത്. ഡല്‍ഹിയില്‍ ജനിച്ച മിലിന്ദ് കുമാര്‍ രഞ്ജിയില്‍ സിക്കിമിനും ത്രിപുരക്കും വേണ്ടിയാണ് കളിച്ചിരുന്നത്.ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്), റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ടീമുകളിലും 33കാരനായ മിലിന്ദ് കുമാര്‍ കളിച്ചിട്ടുണ്ട്. 2021ല്‍ അമേരിക്കയിലെ മൈനര്‍ ക്രിക്കറ്റ് ലീഗില്‍ ഫിലാഡല്‍ഫിയന്‍സിനുവേണ്ടി കളിച്ചാണ് മിലിന്ദ് കുമാര്‍ കരിയര്‍ തുടങ്ങിയത്.

മുംബൈയുടെ തോൽവിക്ക് കാരണം മോശം ക്യാപ്റ്റൻസി;ടീം അംഗങ്ങൾ ഹാർദ്ദിക്കിനെ അംഗീകരിക്കുന്നില്ലെന്ന് ഇർഫാൻ പത്താൻ

ഇന്ത്യക്കായി 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള ഇടംകൈയന്‍ സ്പിന്നറും‍ മുംബൈ താരവുമായ ഹര്‍മീത് സിംഗാണ് അമേരിക്കൻ ടീമിലെത്തിയ മറ്റൊരു ഇന്ത്യൻ താരം. ഐപിഎല്ലില്‍ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായും ആഭ്യന്തര ക്രിക്കറ്റില്‍ ത്രിപുരക്കായും 31 കാരനായ ഹര്‍മീത് സിംഗ് കളിച്ചിട്ടുണ്ട്. മൈനര്‍ ക്രിക്കറ്റ് ലീഗില്‍ 2021ല്‍ സിയാറ്റില്‍ തണ്ടര്‍ബോള്‍ട്ടിനായാണ് അമേരിക്കയില്‍ കളിച്ചു തുടങ്ങിയത്.

2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ കെ എല്‍ രാഹുലിനും ജയദേവ് ഉനദ്ഘട്ടിനും മായങ്ക് അഗര്‍വാളിനുമൊപ്പം ഇന്ത്യക്കായി കളിച്ച മുംബൈ പേസര്‍ സൗരഭ് നേത്രവാക്കറാണ് യുഎസ് ടീമിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. അതേസമയം ടീമില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ച ഇന്ത്യന്‍ അണ്ടര്‍ 19 മുന്‍ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിനും സമിത് പട്ടേലിനും യുഎസ് ലോകകപ്പ് ടീമിലെത്താനായില്ല.

മുന്‍ ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടറായ കോറി ആന്‍ഡേഴ്സനാണ് ലോകകപ്പ് ടീമിലെത്തി പ്രമുഖ വിദേശ താരം. 2015ലെ ഏകദിന ലോകകപ്പിലും 2014, 2016 ടി20 ലോകകപ്പുകളിലും ആന്‍ഡേഴ്സണ്‍ ന്യൂസിലന്‍ഡിനായി കളിച്ചിട്ടുണ്ട്.പാക് വംശജനായ പേസര്‍ അലി ഖാനും യുഎസ് ടീമിലുണ്ട്. 2020ലെ ഐപിഎല്ലില്‍ അലി ഖാനെ കൊല്‍ക്കത്ത ടീമിലെടുത്തിരുന്നു.

ടി20 ലോകകപ്പിനുള്ള യുഎസ്എ ടീം: മോനാങ്ക് പട്ടേൽ(ക്യാപ്റ്റൻ-വിക്കറ്റ് കീപ്പ‍ർ), ആരോൺ ജോൺസ് , ആൻഡ്രീസ് ഗൗസ്, കോറി ആൻഡേഴ്സൺ, അലി ഖാൻ, ഹർമീത് സിംഗ്, ജെസ്സി സിംഗ്, മിലിന്ദ് കുമാർ, നിസർഗ് പട്ടേൽ, നിതീഷ് കുമാർ, നോഷ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രവൽക്കർ , ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക്, സ്റ്റീവൻ ടെയ്‌ലർ, ഷയാൻ ജഹാംഗീർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക  

click me!