ഗപ്ടിലിനെ പിന്തള്ളി ടി20 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഹിറ്റ്മാന്‍

By Gopalakrishnan CFirst Published Jul 29, 2022, 9:33 PM IST
Highlights

116 ടി20 മത്സരങ്ങളില്‍ 3399 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിന്‍റെ പേരിലുള്ളത്. ആദ്യ മത്സരത്തില്‍ 44 പന്തില്‍ 64 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പമാണ് രോഹിത് റണ്‍വേട്ടയിലും ഒന്നാമനായത്.

ബര്‍മുഡ: ടി20 ക്രിക്കറ്റ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടിലിനെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. വിന്‍ഡീസിനെതിരായ ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ 21 റണ്‍സായിരുന്നു ഗപ്ടിലിനെ മറികടക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്.

116 ടി20 മത്സരങ്ങളില്‍ 3399 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിന്‍റെ പേരിലുള്ളത്. ആദ്യ മത്സരത്തില്‍ 44 പന്തില്‍ 64 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പമാണ് രോഹിത് റണ്‍വേട്ടയിലും ഒന്നാമനായത്. ടി20യില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര സെഞ്ചുറി നേടിയ ബാറ്ററും രോഹിതാണ്. നാലു സെഞ്ചുറികളാണ് രോഹിത്തിന്‍റെ പേരിലുള്ളത്. 26 അര്‍ധസെഞ്ചുറികളും ടി20 ക്രിക്കറ്റില്‍ രോഹിത് നേടി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മികച്ച തുടക്കമിട്ടെങ്കിലും രോഹിത് ഒഴികെയുള്ളവര്‍ക്കാക്കും ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. 24 റണ്‍സെടുത്ത സൂര്യകുമാര്‍ മടങ്ങിയശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍(0), റിഷഭ് പന്ത്(14), ഹാര്‍ദ്ദിക് പാണ്ഡ്യ(1) രവീന്ദ്ര ജഡേജ(16) എന്നിവര്‍ നിരാശപ്പെടുത്തി. രോഹിത്തിന്‍റെ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

വിരാട് കോലി ഇല്ലാതിരുന്നിട്ടും ഹൂഡയെ വീണ്ടും തഴഞ്ഞു, ശ്രേയസ് ടീമില്‍, രോഷമടക്കാനാവാതെ ആരാധകര്‍

99 മത്സരങ്ങളില്‍ 3308 റണ്‍സടിച്ചിച്ചിട്ടുള്ള ഇന്ത്യന്‍ താരം വിരാട് കോലിയാണ് റണ്‍വേട്ടയില്‍ മൂന്നാമത്. രാജ്യാന്തര ടി20യില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലിയുടെ പേരില്‍ 30 അര്‍ധസെഞ്ചുറികളുണ്ട്. മോശം ഫോമിലുള്ള കോലി വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച രോഹിത് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം എടുത്തിരുന്നു.

 

click me!