
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലി സെഞ്ചുറിയുമായി ഇന്ത്യക്ക് ഇന്നിംഗ്സ് ലീഡ് നേടിക്കൊടുത്തതിന് പിന്നാലെ കോലി അസുഖം വകവെക്കാതെയാണ് മാരത്തണ്‍ ഇന്നിംഗ്സ് കളിച്ചതെന്ന് ഭാര്യ അനുഷ്ക ശര്‍മ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ടെസ്റ്റില്‍ 40 മാസത്തെ സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ടാണ് കോലി കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ചുറികുറിച്ചത്. ബാറ്റിംഗിനിടെയോ ഫീല്‍ഡിംഗിനിടെയോ കോലി അസുഖത്തിന്‍റേതായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് മാധ്യങ്ങള്‍ കോലിയുടെ ആരോഗ്യത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു.
കോലി ഇത്രയും കാലം സെഞ്ചുറി നേടാതിരുന്നത് വലിയ ബാധ്യതയൊന്നും ആയിരുന്നില്ലെന്ന് രോഹിത് പറഞ്ഞു. കോലിയെ പോലൊരു കളിക്കാരന്‍ ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം വലിയ ഇന്നിംഗ്സുകള്‍ കളിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നുണ്ട്. ഓരോ തവണയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് അദ്ദേഹം ക്രീസിലിറങ്ങന്നത്. അദ്ദേഹത്തിന്‍റെ ക്ലാസിനെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ സെഞ്ചുറി നേടിയതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതായി തോന്നുന്നില്ല. ചെറുതായൊരു ചുമ മാത്രമെ ഉണ്ടായിരുന്നുള്ളു. അത് അത്ര വലിയ പ്രശ്നമായിരുന്നു എന്ന് തോന്നുന്നില്ലെന്നും രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സിന് മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 571 റണ്‍സടിച്ചിരുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 128 റണ്‍സടിച്ചപ്പോള്‍ വിരാട് കോലി 186 റണ്‍സടിച്ചു. 364 പന്തുകള്‍ നേരിട്ട കോലി 15 ബൗണ്ടറികള്‍ സഹിതമാണ് 186 റണ്‍സ് നേടിയത്. സെഞ്ചുറിയില്‍ എത്തുന്നതുവരെ അഞ്ച് ബൗണ്ടറികള്‍ മാത്രമാണ് കോലി നേടിയിരുന്നത്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇതിന് മുമ്പ് ടെസ്റ്റില്‍ കോലി അവസാനം സെഞ്ചുറി നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!