സൂപ്പര്‍ ഹിറ്റ്മാന്‍ ആയി രോഹിത്, സിക്സര്‍ പറത്തി ലോക റെക്കോര്‍ഡ്

By Gopala krishnanFirst Published Sep 23, 2022, 10:51 PM IST
Highlights

ഓസീസിനെതിരായ രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന  ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമായിരുന്നു രോഹിത്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പാറ്റ് കമിന്‍സിനെ സിക്സിന് പറത്തിയാണ് രോഹിത് ഗപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിക്സര്‍ അടിയില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്സിന് പറത്തിയ രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്ററെന്ന ലോകറെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ 172 സിക്സറുകളെന്ന റെക്കോര്‍ഡാണ് രോഹിത് ഹേസല്‍വുഡിനെതിരെ പറത്തിയ ആദ്യ സിക്സോടെ മറികടന്നത്.

അടുത്ത പന്തും സിക്സ് അടിച്ച രോഹിത് രണ്ടാം ഓവറില്‍ പാറ്റ് കമിന്‍സിനെതിരെയും മൂന്നാം ഓവര്‍ എറിയാനെത്തിയ ആദം സാംപക്കെതിരെയും സിക്സ് പറത്തി ആകെ സിക്സുകളുടെ എണ്ണം 175 ആക്കി. ഓസീസിനെതിരായ രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന  ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമായിരുന്നു രോഹിത്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പാറ്റ് കമിന്‍സിനെ സിക്സിന് പറത്തിയാണ് രോഹിത് ഗപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

സിക്സറടിയില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് 124 സിക്സുകളുാമായി രോഹിത്തിനും ഗപ്ടിലിനും പിന്നിലുള്ളത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര‍്‍ഗന്‍ 120 സിക്സുകളുമായി നാലാം സ്ഥാനത്തും 117 സിക്സുകളുമായി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാം സ്ഥാനത്തുമുണ്ട്.

ഈ വര്‍ഷം ഓപ്പണറെന്ന നിലയില്‍ ഫോമിലേക്ക് ഉയരാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നില്ല. രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ഈ വര്‍ഷം രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.143.38 എന്ന മികച്ച പ്രഹരശേഷിയുണ്ടെങ്കിലും പവര്‍ പ്ലേയില്‍ തന്നെ രോഹിത് മടങ്ങുന്നത് ഇന്ത്യക്ക് പല മത്സരങ്ങളിലും തിരിച്ചടിയായിരുന്നു.

ടി20 ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് രോഹിത്. രാജ്യാന്തര ടി20യില്‍ നാല് സെഞ്ചുറികളുള്ള ഏക ബാറ്ററും ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച പുരുഷ ക്രിക്കറ്ററുമാണ് രോഹിത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസ‍െഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് വിരാട് കോലിക്കൊപ്പം രോഹിത് പങ്കുവെക്കുന്നു. 31 അര്‍ധസെഞ്ചുറികളാണ് ഇരുവര്‍ക്കുമുള്ളത്.

click me!