
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോൾ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായത് രോഹിത് 13 വര്‍ഷം മുമ്പ് നടത്തിയ പ്രവചനം. 2012 സെപ്റ്റംബര്‍ 14നാണ് രോഹിത് എക്സ് പോസ്റ്റില്‍ ഒരു യുഗാന്ത്യം(45), പുതിയ യുഗാരംഭം(77) എന്ന് കുറിച്ചത്.
രോഹിത്തിന്‍റെ ജേഴ്സി നമ്പറാണ് 45. പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന്‍റെ ജേഴ്സി നമ്പറാകട്ടെ 77 ആണ്. ഇതാണ് ആരാധകര്‍ ഗില്ലിനെക്കുറിച്ച് രോഹിത് നടത്തിയ പ്രവചനമായി വ്യാഖ്യാനിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കരിയറിന്‍റെ തുടക്കത്തില്‍ രോഹിത് 45ാം നമ്പര്‍ ജേഴ്സിയായിരുന്നു ധരിച്ചിരുന്നത്. പിന്നീട് 77-ാം നമ്പറിലേക്ക് മാറി. ഈ സമയത്താണ് രോഹിത് പുതിയ യുഗാരംഭം എന്ന രീതിയില്‍ എക്സ് പോസ്റ്റ് ചെയ്തത്. പിന്നീട് രോഹിത് വീണ്ടും 45-ാം നമ്പറിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗില്ലിനെ ഇന്ത്യൻ ഏകദിന ക്യാപ്റ്റനാക്കിയതോടെ രോഹിത്തിന്‍റെ പഴയ പോസ്റ്റ് ആരാധകര്‍ വീണ്ടും വൈറലാക്കുകയായിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനടത്തിനുള്ള ടീമിന്‍റെ നായക സ്ഥാനത്തു നിന്ന് രോഹിത്തിനെ മാറ്റിയാണ് സെലക്ടര്‍മാര്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത്. ഇതോടെയാണ് ഗില്ലിന്‍റെ വളര്‍ച്ചയെക്കുറിച്ച് രോഹിത് മുമ്പ് നടത്തിയ പ്രവചനമെന്ന രീതിയില്‍ എക്സ് പോസ്റ്റ് വീണ്ടും വൈറലാക്കിയത്. രോഹിത് പ്രവചനം നടത്തുമ്പോള്‍ ഗില്ലിന് 13 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതുകൊണ്ട് തന്നെ ഗില്ലിനെക്കുറിച്ച് ഇത്രനേരത്തെ രോഹിത് പ്രവചനം നടത്തില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
നേരത്തെ ടെസ്റ്റില്‍ നിന്ന് രോഹിത് വിരമിച്ചതോടെയാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായും ഗില്ലിനെട സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിരുന്നു.2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന വിരാട് കോലിക്കും രോഹിത് ശര്‍മക്കും അതിന് അവസരം ലഭിക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക. ഏകദിന ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷം കൂടി ബാക്കിയുള്ളതിനാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലെ പ്രകടനമാവും ഇരുവരുടയും ഭാവി തിരുമാനിക്കുക. ഓസ്ട്രേലിക്കെതിരായ ഏകദിന പരമ്പകക്കുള്ള ടീമില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം രോഹിത് ശര്‍മ ഓപ്പണറാവുമെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മൂന്നാം ഓപ്പണറായി യശസ്വി ജയ്സ്വാളും ടീമിലുണ്ടെന്നത് രോഹിത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക