ബിസിസിഐ ടീമിനെ 'ടീം ഇന്ത്യ' അല്ലെങ്കിൽ 'ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
ദില്ലി: ബിസിസിഐ ടീമിനെ 'ടീം ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. പ്രസാർ ഭാരതിയും ദൂരദർശനും ഈ പ്രയോഗം ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യം അനാവശ്യമാണെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബിസിസിഐ, കേന്ദ്ര സർക്കാർ അംഗീകരിച്ച ഒരു ദേശീയ കായിക ഫെഡറേഷനല്ല എന്നായിരുന്നു അഭിഭാഷകനായ ദീപക് കൻസൽ സമർപ്പിച്ച ഹർജിയിലെ പ്രധാന വാദം.
ബിസിസിഐ ടീമിനെ 'ടീം ഇന്ത്യ' അല്ലെങ്കിൽ 'ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും, ഇത് ദേശീയ ചിഹ്നങ്ങളുടെയും പേരുകളുടെയും ദുരുപയോഗം തടയൽ നിയമത്തിന്‍റെയും ഫ്ലാഗ് കോഡിന്‍റെയും ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാല്‍ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് ഹർജിക്കാരനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
വീട്ടിലിരുന്ന് വെറുതെ ഹർജികൾ തയ്യാറാക്കുകയാണോ എന്ന് ഹര്‍ജിക്കാരനോട് ചോദിച്ച കോടതി ഇത്തരം കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. മുൻപ് ഹൈക്കോടതി പിഴ ശിക്ഷ നൽകാതിരുന്നതാണ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ ഹർജിക്കാരന് പ്രോത്സാഹനമായതെന്നും കോടതി നിരീക്ഷിച്ചു. കോടതി സമയം പാഴാക്കുന്ന ഇത്തരം വാദങ്ങളിൽ എന്ത് യുക്തിയാണുള്ളതെന്നും ബെഞ്ച് ചോദിച്ചു. ലോകമെമ്പാടും പോയി കളിക്കുന്ന ഒരു ടീം, ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നാണോ നിങ്ങൾ പറയുന്നത്? ദൂരദർശനോ മറ്റേതെങ്കിലും അതോറിറ്റിയോ അതിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും കോടതി ആരാഞ്ഞു.
ഡൽഹി ഹൈക്കോടതിയുടെ മുൻപത്തെ വിധി ശരിവെച്ച സുപ്രീം കോടതി, പ്രസാർ ഭാരതിക്കെതിരെ ഉത്തരവിടാൻ വിസമ്മതിച്ചു. ഇതോടെ ദൂരദർശൻ, ആകാശവാണി എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് തന്നെ തുടർന്നും വിശേഷിപ്പിക്കാം. പിഴ ചുമത്തുന്നതിൽ നിന്ന് കോടതി ഹർജിക്കാരനെ ഒഴിവാക്കിയെങ്കിലും, ഭാവിയിൽ ഇത്തരം അനാവശ്യ ഹർജികളുമായി കോടതിയുടെ സമയം കളയരുതെന്ന് കർശന മുന്നറിയിപ്പ് നൽകി.
