Asianet News MalayalamAsianet News Malayalam

'അയാളോട് കിടപിടിക്കുന്ന മറ്റൊരു താരമില്ല ഇന്ത്യയില്‍'; കഴിഞ്ഞ ലോകകപ്പിലെ വലിയ നഷ്‌ടത്തെ കുറിച്ച് ശാസ്‌ത്രി

മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ബൗളിംഗ് പുനരാരാംഭിക്കുകയും ചെയ്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസ കൊണ്ട് മൂടുകയാണ് രവി ശാസ്‌ത്രി

We missed him badly in last year T20 World Cup Ravi Shastri named one extremely important player for India
Author
Mumbai, First Published Aug 24, 2022, 7:40 AM IST

മുംബൈ: ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് എല്ലാ പ്രതികാരവും ചെയ്യേണ്ടതുണ്ട് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും. കഴിഞ്ഞ ലോകകപ്പില്‍ ഒരു താരത്തെ ഇന്ത്യ ഏറെ മിസ് ചെയ്തിരുന്നതായും ഇത്തവണ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. 

മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ബൗളിംഗ് പുനരാരാംഭിക്കുകയും ചെയ്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസ കൊണ്ട് മൂടുകയാണ് രവി ശാസ്‌ത്രി. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാണ്ഡ്യ കളിച്ചിരുന്നെങ്കിലും പന്തെറിയാതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ബാറ്ററായി മാത്രം താരത്തെ ഉള്‍പ്പെടുത്തിയതോടെ അധിക ബൗളറെ കളിപ്പിക്കാനായില്ല. ഇതാണ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം പുറത്താവാന്‍ കാരണം എന്ന് വിലയിരുത്തപ്പെട്ടിരുന്നു.  

'ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയാല്‍ ബാലന്‍സ് നഷ്‌ടപ്പെടും. അത്രത്തോളം പ്രാധാന്യം താരത്തിനുണ്ട്. വരും ലോകകപ്പില്‍ അധികമായി ഒരു ബൗളറെയോ ബാറ്ററേയോ കളിപ്പിക്കുമോയെന്ന് നമുക്കറിയില്ല. ബൗള്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ കഴിഞ്ഞ ലോകകപ്പില്‍ ഹാര്‍ദിക്കിനെ ഏറെ മിസ് ചെയ്തിരുന്നു. അത് ടീമില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. താരത്തിന്‍റെ ഗുണമേന്‍മ പരിഗണിക്കുമ്പോള്‍ അതിനോട് കിടപിടിക്കുന്ന ഒരുതാരം പോലും ടീമിലില്ല. ടീമില്‍ വളരെ പ്രാധാന്യമുള്ള താരമാണയാള്‍. വരും മത്സരങ്ങള്‍ പരിഗണിച്ചാല്‍ എല്ലാ കളികളിലും ഉണ്ടാവേണ്ട താരമാണ് ഹാര്‍ദിക്' എന്നും സ്റ്റാര്‍ സ്പോര്‍ട്‌സിനോട് രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. 

ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ യുഎഇയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായി. ഓസ്ട്രേലിയന്‍ മണ്ണിലെ ടി20 ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഏഷ്യാ കപ്പിലെ പ്രകടനം ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമാകും. ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുന്നത്. ഏഷ്യാ കപ്പിന് ശേഷം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പരയും ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പ് ഒരുക്കങ്ങളില്‍ നിര്‍ണായകമാണ്. 

സഞ്ജു ഇടംപിടിക്കുമോ? ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന തിയതി പുറത്ത്

Follow Us:
Download App:
  • android
  • ios