
അസുന്‍സിയോണ്‍: വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ പാരഗ്വായില്‍ കസ്റ്റഡിയിലായി. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാള്‍ഡീഞ്ഞോ പാരഗ്വായിലെ തലസ്ഥാനനഗരമായ അസുന്‍സിയോണിലെത്തിയത്. അവിടെ താമസസ്ഥലത്തെത്തിയാണ് പൊലീല് സൂപ്പര്‍താരത്തെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനോടൊപ്പം യാത്രാരേഖകളും പിടിച്ചെടുത്തു. റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളേക്കൂടി കസ്റ്റഡിയിലെടുത്തു. വ്യാജ യാത്രാ രേഖകളുമായി കസ്റ്റഡിയിലാണെന്ന് പാരഗ്വായ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും താമസിച്ചിരുന്ന ഹോട്ടലില്‍ത്തന്നെ പൊലീസ് നിരീക്ഷണത്തില്‍ തുടരുകയാണ്.
പരിസ്ഥിതി നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ 2018ല്‍ റൊണാള്‍ഡീഞ്ഞോയുടെ ബ്രസീലിയന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ റദ്ദാക്കിയിരുന്നു.വന്‍ പിഴ ഈടാക്കി കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും പിഴയൊടുക്കാത്തതിനെ തുടര്‍ന്ന് 2018 നവംബറില്‍ റൊണാള്‍ഡീഞ്ഞോയുടെ പാസ്‌പോര്‍ട്ട് ബ്രസീല്‍ റദ്ദാക്കിയിരുന്നു.
അതേസമയം, താരത്തെയും സഹോദരനെയും അറസ്റ്റ് ചെയ്‌തോയെന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമായൊന്നും പറഞ്ഞിട്ടില്ല. നിലവില്‍ അന്വേഷണം നടക്കുകയാണ്. റൊണാള്‍ഡീഞ്ഞോയും സഹോദരനും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പാരഗ്വായ് പൊലീസ് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കൊപ്പം കസ്റ്റിഡിയിലുള്ള മൂന്നാമന്‍ ചതിച്ചതാണെന്നാണ് ഇരുവരും പൊലീസിനു നല്‍കിയ പ്രാഥമിക മൊഴിയെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!