മാന്ത്രിക സംഖ്യ തികയ്‌ക്കാന്‍ റോസ് ടെയ്‌ലര്‍; മറ്റാരും സ്വന്തമാക്കാത്ത നേട്ടത്തിനരികെ

By Web TeamFirst Published Feb 15, 2020, 8:01 PM IST
Highlights

ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ടെയ്‌ലറെ കാത്തിരിക്കുന്നത്

ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രമെഴുതാനാണ് ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍ റോസ് ടെയ്‌ലര്‍ തയ്യാറെടുക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഫോര്‍മാറ്റിലും(ടെസ്റ്റ്, ഏകദിനം, ടി20) 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ടെയ്‌ലറെ കാത്തിരിക്കുന്നത്. 

ന്യൂസിലന്‍ഡിനായി 2006ല്‍ അരങ്ങേറ്റം കുറിച്ച റോസ് ടെയ്‌ലര്‍ ഇതിനകം 231 ഏകദിനങ്ങളും 100 ടി20യും 99 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. വെല്ലിങ്‌ടണില്‍ ഫെബ്രുവരി 21ന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കളിക്കുന്നതോടെ റെക്കോര്‍ഡ് ടെയ്‌ലര്‍ക്ക് സ്വന്തമാകും. 

കരിയറില്‍ ഇതുവരെ സമ്പാദിച്ച നേട്ടങ്ങളില്‍ സന്തോഷമുണ്ട് എന്നാണ് റോസ് ടെയ്‌ലറുടെ പ്രതികരണം. 'ന്യൂസിലന്‍ഡിനായി കളിക്കാനുള്ള ആഗ്രഹം എപ്പോഴുമുണ്ട്, അത് തുടരുകയാണ്. വെല്ലിങ്ടണ്‍ എനിക്കേറെ സവിശേഷമായ ഇടമാണ്. കരിയറില്‍ എന്നേക്കാളേറെ കുടുംബം ത്യഗം ചെയ്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ അരങ്ങേറ്റ പരമ്പരയ്‌ക്ക് ശേഷം ടെസ്റ്റ് കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അതിനുള്ള ഭാഗ്യമുണ്ടായി എന്നും ടെയ്‌ലര്‍ പറഞ്ഞു. 

ന്യൂസിലന്‍ഡിനായി എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ റണ്‍സ്(17653) നേടിയ താരമാണ് റോസ് ടെയ്‌ലര്‍. ടെസ്റ്റില്‍ 19 സെഞ്ചുറികളും 33 അര്‍ധ സെഞ്ചുറിയും നേടി. ഏകദിനത്തില്‍ 21 സെഞ്ചുറിയും പേരിലുണ്ട്. 

click me!