
വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ച് തുറന്നുപറച്ചിലുമായി മുന്‍താരം റോസ് ടെയ്‌ലറുടെ ആത്മകഥ. ക്രിക്കറ്റ് എന്നാല്‍ ന്യൂസിലന്‍ഡില്‍ വെള്ളക്കാരുടെ മാത്രം കായികയിനയമാണെന്നും ഡ്രസിംഗ് റൂമില്‍ സഹതാരങ്ങളിലും ഒഫീഷ്യല്‍സില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടിരുന്നതായുമാണ് ടെയ്‌ലറുടെ വെളിപ്പെടുത്തല്‍. 'റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്ന ആത്മകഥയിലാണ് ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ടെയ്‌ലര്‍ വിവരിച്ചത്.
'ക്രിക്കറ്റ് ന്യൂസിലന്‍ഡില്‍ വെള്ളക്കാരുടെ കായികയിനമാണ്. എന്‍റെ കരിയറില്‍ ഭൂരിഭാഗവും ഞാന്‍ ടീമിലൊരു അപാകതയായിരുന്നു. വാനില ലൈനപ്പിലെ തവിട്ട് മുഖമായിരുന്നു. അതൊന്നും സഹതാരങ്ങള്‍ക്കോ ക്രിക്കറ്റ് സമൂഹത്തിനോ പ്രകടമാകുമായിരുന്നില്ല. ഡ്രസിംഗ് റൂമില്‍ പല തരത്തില്‍ അധിക്ഷേപം നേരിട്ടിരുന്നു. നീ പാതി നല്ലൊരു മനുഷ്യനാണ്. ഏത് പാതിയാണ് നല്ലത്? എന്ന് ഒരു സഹതാരം ചോദിക്കുമായിരുന്നു. എന്താണ് ഞാന്‍ പറയുന്നതെന്ന് നിനക്കറിയില്ല. എന്നാല്‍ അവരെന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാകുമായിരുന്നു. അതൊരു കളിയാക്കല്‍ മാത്രമല്ലേ എന്നാണ് ഇതൊക്കെ കേള്‍ക്കുന്ന ഒരു വൈറ്റ് ന്യൂസിലന്‍ഡുകാരന്‍ പറയുക. മറ്റ് കളിക്കാർക്കും അവരുടെ വംശീയതയെ അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നു. തന്‍റെ രൂപം കണ്ട് മാവോറി വിഭാഗത്തില്‍പ്പെട്ടതോ ഇന്ത്യന്‍ പാരമ്പര്യമുള്ളയാളോ ആണ് ഞാനെന്ന് പലരും കരുതിയിരുന്നതായും' റോസ് ടെയ്‌ലറുടെ ആത്മകഥയുടേതായി ന്യൂസിലന്‍ഡ് ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
ന്യൂസിലന്‍ഡിലെ തദ്ദേശീയരായ പോളിനേഷ്യൻ ജനവിഭാഗമാണ് മാവോറി. എന്നാല്‍ റോസ് ടെയ്‌ലര്‍ പാതി സമോവൻ വംശജനാണ്. ടെയ്‌ലറുടെ അമ്മ സമോവ ഗ്രാമമായ സവോലുവാഫയിൽ നിന്നുള്ളയാളാണ്. റോസ് ടെയ്‌ലറുടെ അച്ഛന്‍ ന്യൂസിലന്‍ഡുകാരനും.
16 വര്‍ഷത്തോളം നീണ്ട രാജ്യാന്തര കരിയറില്‍ ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്ന ഖ്യാതിയുമായാണ് റോസ് ടെയ്‌ലര്‍ പാഡഴിച്ചത്. ടെസ്റ്റില്‍ 7864 റണ്‍സും ഏകദിനത്തില്‍ 8602 റണ്‍സും രാജ്യാന്തര ടി20യില്‍ 1909 റണ്‍സും നേടി. 2021 ഡിസംബറിലാണ് ടെയ്‌ലര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെയ്‌ലറുടെ വെളിപ്പെടുത്തലില്‍ നടുക്കം രേഖപ്പെടുത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രതിനിധി, താരമായി ഉടന്‍ സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.