ഏഴാമനായിറങ്ങി മികച്ച ഇന്നിംഗ്‌സുമായി തിളങ്ങിയ ഖായ സോണ്ടേ ചെറിയൊരു പിടിപ്പുകേടില്‍ തന്‍റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു

കാന്‍റബെറി: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പരിശീലന മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്. ചതുര്‍ദിന സന്നാഹമത്സരത്തില്‍ പക്ഷേ ഒരു ദക്ഷിണാഫ്രിക്കന്‍ താരം വിചിത്രമായ രീതിയില്‍ പുറത്തായി. പന്ത് ലീവ് ചെയ്യാനുള്ള താരത്തിന്‍റെ ആലോചനയാണ് കുറ്റി തെറിക്കുന്നതിലേക്ക് എത്തിച്ചത്. 

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയതായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീം. ഏഴാമനായിറങ്ങി മികച്ച ഇന്നിംഗ്‌സുമായി തിളങ്ങിയ ഖായ സോണ്ടേ ചെറിയൊരു പിടിപ്പുകേടില്‍ തന്‍റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മത്സരത്തിന്‍റെ രണ്ടാംദിനം പേസര്‍ സാം കുക്ക് ഓഫ്‌സ്റ്റംപിന് പുറത്തായി പന്തെറിഞ്ഞു. ഈ പന്ത് ലീവ് ചെയ്യാനായിരുന്നു സോണ്ടേയുടെ ശ്രമം. എന്നാല്‍ സോണ്ടേയുടെ ഓഫ്‌സ്റ്റംപുമായി പന്ത് പറന്നുപോയി. സാം കുക്കിന്‍റെ ഗംഭീര ഇന്‍-സ്വിങ്ങറായി ഈ പന്ത്. 

Scroll to load tweet…

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററായിരുന്നു ഖായ സോണ്ടേ. താരം 166 പന്തില്‍ 14 ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 86 റണ്‍സെടുത്ത് മടങ്ങി. 75 റണ്‍സെടുത്ത റാസ്സീ വാന്‍ഡര്‍ ഡസ്സനാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. കെയ്‌ല്‍ വെരെയ്‌ന്‍ (62), മാര്‍ക്കോ യാന്‍സന്‍(56) എന്നിവരുടെ സംഭാവനകള്‍ കൂടിയായപ്പോള്‍ ദക്ഷിണാഫ്രിക്ക 433 റണ്‍സെടുത്തു. ഇംഗ്ലണ്ട് ലയണ്‍സിനായി ക്രെയ്‌ഗ് ഓവ്‍ട്ടന്‍ 74 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് ലയണ്‍സ് മൂന്ന് വിക്കറ്റിന് 279 എന്ന നിലയില്‍ രണ്ടാംദിനം അവസാനിപ്പിച്ചു. 97 റണ്‍സെടുത്ത ഡാന്‍ ലോറന്‍സിന് സെഞ്ചുറി നഷ്‌ടമായി. 64 റണ്‍സുമായി ഹാരി ബ്രൂക്ക് ക്രീസിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ മൂന്ന് ടെസ്റ്റുകളിലാണ് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മുഖാമുഖം വരിക. പോയിന്‍റ് പട്ടികയില്‍ പ്രോട്ടീസ് തലപ്പത്തും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തുമാണ്. 

ഏഷ്യാ കപ്പ്: അവസാന നിമിഷ ട്വിസ്റ്റില്‍ ദീപക് ചാഹര്‍ പ്രധാന സ്‌ക്വാഡിലേക്ക്? സാധ്യതകള്‍ ഏറെ