
ബാര്‍ബഡോസ്: ഇംഗ്ലണ്ടിനെതിരെ (England) മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് (West Indies) ജയം. 20 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് റൊവ്മാന്‍ പവലിന്റെ (Rovman Povell) സെഞ്ചുറി (107) കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-1ന് മുന്നിലെത്തി.
225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ടോം ബാന്റണ്‍ (43 പന്തില്‍ 73), ഫിലിപ് സാള്‍ട്ട് (24 പന്തില്‍ 57) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ജേസണ്‍ റോയ് (19), ജയിംസ് വിന്‍സെ (16), മൊയീന്‍ അലി (0), ലിയാം ലിവിംഗ്‌സ്റ്റണ്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. ഹാരി ബ്രൂക്ക് (10), ജോര്‍ജ് ഗാര്‍ട്ടണ്‍ (2), ആദില്‍ റഷീദ് (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. റൊമാരിയൊ ഷെഫേര്‍ഡ് വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. കീറണ്‍ പൊള്ളാര്‍ഡിന് രണ്ട് വിക്കറ്റുണ്ട്.
നേരത്തെ പവലിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നിക്കോളസ് പുരാന്‍ (43 പന്തില്‍ 70) പവലിന് പിന്തുണ നല്‍കി. ഇരുവരും 122 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒരു ഘട്ടത്തില്‍ രണ്ടിന് 48 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ഓപ്പണര്‍മാരായ ബ്രന്‍ഡണ്‍ കിംഗ് (10), ഷായ് ഹോപ്പ് (4) എന്നിവര്‍ നേരത്തെ മടങ്ങി. പിന്നാലെ പുരാന്‍- പവല്‍ സഖ്യം വിന്‍ഡീനെ വന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
53 പന്തില്‍ 10 സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു പവലിന്റെ ഇന്നിംഗ്‌സ്. 43 പന്തില്‍ നിന്നാണ് പുരാന്‍ 70 റണ്‍സെടുത്തത്. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ഫാബിയന്‍ അലനാണ് (0) പുറത്തായ മറ്റൊരു താരം. ഷെഫേര്‍ഡ് (11), പൊള്ളാര്‍ഡ് (9) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!