'പുതു ചരിത്രം'; എന്‍ ശ്രീനിവാസന്‍റെ മകള്‍ രൂപ ഗുരുനാഥ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്

By Web TeamFirst Published Sep 26, 2019, 12:21 PM IST
Highlights

രാജ്യത്തെ ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് രൂപ ഗുരുനാഥ്

ചെന്നൈ: ബിസിസിഐ മുന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍റെ മകള്‍ രൂപ ഗുരുനാഥ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്ത്. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗമാണ് എതിരില്ലാതെ രൂപയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് രൂപ ഗുരുനാഥ് മാത്രമായിരുന്നു നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. 

രാജ്യത്തെ ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് രൂപ ഗുരുനാഥ്. ബിസിസിഐയില്‍ തമിഴ്‌നാടിനെ രൂപ പ്രതിനിധീകരിക്കും. 

ഐപിഎല്‍ വാതുവയ്‌പ് കേസിലെ വിവാദനായകന്‍ ഗുരുനാഥ് മെയ്യപ്പന്‍റെ ഭാര്യയാണ് രൂപ. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഗുരുനാഥ് മെയ്യപ്പനെ ആജീവനാന്തകാലത്തേക്ക് ബിസിസിഐ വിലക്കിയിരുന്നു. 

ഐസിസിയുടെയും ബിസിസിഐയുടെയും മുന്‍ തലവനായിരുന്ന പിതാവ് എന്‍ ശ്രീനിവാസന്‍റെ പാതയിലേക്കാണ് രൂപ ഗുരുനാഥ് എത്തുന്നത്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനിലെ അവസാന വാക്കായിരുന്ന ശ്രീനിവാസന്‍ 2002 മുതല്‍ 2017 വരെ പ്രസിഡന്‍റായിരുന്നു. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഉടമ കൂടിയായാണ് എന്‍ ശ്രീനിവാസന്‍. 

click me!