
ചെന്നൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. റുതുരാജ് ഗെയ്ക്‌വാദ് ടി20 ടീമിലെ സ്വാഭാവിക ചോയ്സായിരുന്നുവെന്നും എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെയാണ് സെലക്ടര്‍മാര്‍ ടീ20 ടീമിലെടുത്തതെന്നും ശ്രീകാന്ത് പറഞ്ഞു.
റുതുരാജ് ഗെയ്ക്‌വാദ് ഇന്ത്യയുടെ ടി20 ടീമിലെ സ്വാഭാവിക ചോയ്സായിരുന്നു. റുതുരാജ് ഇനിയും റണ്ണടിച്ചു കൂട്ടണമെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ അവന്‍ സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടണം. കാരണം, എല്ലാവർക്കും ശുഭ്മാന്‍ ഗില്ലിനെപ്പോലെ നല്ലരാശിയില്‍ ജനിക്കാൻ ആവില്ലല്ലോ എന്നും ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ ചോദിച്ചു. ടി20ക്ക് പറ്റിയ കളിക്കാരനെയല്ല ഗില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
സഞ്ജു മാത്രമല്ല, ഏകദിന ടീമിലിടം നഷ്ടമായ നിർഭാഗ്യവാൻമാർ വേറെയുമുണ്ട്
സിംബാബ്‌വെ പര്യടനത്തില്‍ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയെയും ടീമിലേക്ക് പരിഗണിച്ചില്ല. ആരെങ്കിലും ചോദിച്ചാല്‍ അത് സിംബാബ്‌വെക്കെതിരെ അല്ലെ അടിച്ചത് എന്ന് സെലക്ടര്‍മാര്‍ക്ക് പറയാമല്ലോ. എന്നാല്‍ സിംബാബ്‌വെയില്‍ അഭിഷേകും യശസ്വിയും അടിച്ചു തകര്‍ത്തപ്പോള്‍ ഗില്‍ തുഴഞ്ഞു കളിക്കുകയായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. ടീമിലെ സ്ഥാനം സുരക്ഷിതമാക്കാനുള്ള പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ സിംബാബ്‌വെയില്‍ കളിച്ചതെന്നും ഇക്കാര്യം തുറന്നു പറയാന്‍ തനിക്ക് മടിയില്ലെന്നും മുന്‍ ഇന്ത്യൻ താരം കൂടിയായ ശ്രീകാന്ത് പറഞ്ഞു.
സിംബാബ്‌വെക്കെതിരെ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 133 റൺസ് നേടി തിളങ്ങിയിട്ടും റുതുരാജ് ഗെയ്ക്‌വാദിനെ ഏകദിന, ടി20 ടീമുകളിലേക്ക് പഗിഗണിക്കാതിരുന്നത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. സിംബാബ്‌വെക്കെതിരെ തിളങ്ങാൻ കഴിയാതിരുന്നിട്ടും റിയാന്‍ പരാഗിനെ ഏകദിന, ടി20 ടീമുകളിലുള്‍പ്പെടുത്തുകയും ചെയ്തു. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിക്കാതിരുന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!