
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞതിനെതിരെ ആരാധകര്‍. റുതുരാജ് മഹാരാഷ്ട്രയുടെ സഞ്ജു സാംസണാണെന്നായിരുന്നു ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും റുതുരാജിന് ഇതുവരെ ടെസ്റ്റ് ടീമില്‍ ഇടം നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഓപ്പണറായ റുതുരാജിനെ ടീമിലെടുത്താലും നിലവിലെ സാഹചര്യത്തില്‍ പ്ലേയിംഗ് ഇലവനില്‍ എവിടെ കളിപ്പിക്കുമെന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലെ വലിയ പ്രതിസന്ധി. രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങുന്ന യശസ്വി ജയ്സ്വാള്‍ സീസണില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ്. മറ്റൊരു ഓപ്പണറായ ശുഭ്മാന്‍ ഗില്‍ ആകട്ടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയതിനാല്‍ മൂന്നാം നമ്പറിലാണ് ഗില്‍ ഇപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നത്.
ഇതൊക്കെയാണെങ്കിലും റുതുരാജിന് അവസരം നല്‍കുന്ന കാര്യത്തില്‍ പലപ്പോഴും സഞ്ജു സാംസണോട് പുലര്‍ത്തുന്ന അതേ നയമാണ് സെലക്ടര്‍മാര്‍ ചെന്നൈ നായകനോടും സ്വീകരിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സി ടീമിന്‍റെ നായകനായിരുന്ന റുതുരാജ് ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 48 പന്തില്‍ 46 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ടീമിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്ലാകട്ടെ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയിരുന്നു. എന്നിട്ടും ഗില്ലിന് വീണ്ടും അവസരം നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക