
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും പിടിപ്പത് തലവേദന. സീനിയര്‍ താരം ചേതേശ്വര്‍ പൂജാര ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് പുറത്തായതോടെ മൂന്നാം നമ്പറില്‍ ആരെ കളിപ്പിക്കും എന്നതാണ് ചോദ്യം. പകരമെത്തിയിരിക്കുന്ന യുവതാരങ്ങളായ റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരില്‍ ആര്‍ക്ക് ആദ്യം അവസരം നല്‍കണം എന്ന ചോദ്യമാണ് ഇന്ത്യന്‍ മാനേജ്‌മെന്‍റിനെ കുഴക്കുന്നത്. വേറെ ചില സെലക്ഷന്‍ തലവേദനകളും ടീമിനുണ്ട്.
ഓപ്പണിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം യുവതാരം ശുഭ്‌മാന്‍ ഗില്‍ ഇതിനകം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. വിരാട് കോലിയുടെ സ്ഥിരം ബാറ്റിംഗ് സ്ഥാനം നാലാം നമ്പറാണ് എന്നതിനാല്‍ മൂന്നാം നമ്പറിലേക്ക് റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെയാണ് പരിഗണിക്കേണ്ടത്. ഇരുവരും ഐപിഎല്‍ ഫോമിന്‍റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ടീമിലേക്ക് എത്തിയത് എന്ന വിമര്‍ശനം ഇതിനകം ശക്തമാണ്. അതിനാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്ന താരം ആരെന്ന് കണ്ടെത്തുകയാവും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നിലുള്ള വെല്ലുവിളി. ജൂലൈ 12ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പുള്ള പരിശീലന മത്സരങ്ങളില്‍ ഇതിനൊരു തീരുമാനമായേക്കും. നാളിതുവരെ ഓപ്പണിംഗില്‍ കളിച്ച് പരിചയമുള്ള താരങ്ങളെയാണ് മൂന്നാം നമ്പറില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഐപിഎല്ലിലടക്കം റുതുരാജും യശസ്വിയും ഓപ്പണര്‍ ബാറ്റര്‍മാരായിരുന്നു. നാലാം നമ്പറില്‍ കോലി എത്തുമ്പോള്‍ അഞ്ചാമനായി അജിങ്ക്യ രഹാനെ തുടരും. നീണ്ട ഇടവേളയ്‌ക്ക് ശേഷം ടീമിലെത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ രഹാനെ തിളങ്ങിയിരുന്നു.
വിക്കറ്റ് കീപ്പറായി കെ എസ് ഭരത് തുടരണോ അതോ ഇഷാന്‍ കിഷനെ കളിപ്പിക്കണോ എന്ന ചോദ്യവും അവശേഷിക്കുന്നു. ഭരതിന് ഇതുവരെ ബാറ്റിംഗ് മികവ് തെളിയിക്കാനായിട്ടില്ല എന്നതിനാല്‍ കിഷന് നറുക്ക് വീഴാനാണ് സാധ്യത. സ്‌പിന്നര്‍മാരായി രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും തുടരും എന്നുറപ്പാണെങ്കില്‍ പേസര്‍മാരുടെ കാര്യത്തിലും ആശങ്കയുണ്ട്. മുഹമ്മദ് സിറാജും ഷര്‍ദ്ദുല്‍ താക്കൂറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കുമെങ്കില്‍ മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്‌കട്ട് എന്നിവരില്‍ ആരെ കളിപ്പിക്കണം എന്ന ചോദ്യവും ടീം മാനേജ്‌മെന്‍റിന് മുന്നിലുണ്ട്.
Read more: 'ബെയ്‌ര്‍സ്റ്റോയെ പുറത്താക്കിയ ഓസീസ് പരസ്യമായി മാപ്പ് പറയണം'; ആവശ്യവുമായി ജെഫ് ബോയ്‌ക്കോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം