ഏത് മാര്‍ഗത്തിലൂടെയും ജയിക്കണം എന്നാണെങ്കില്‍ ക്രിക്കറ്റ് നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് ജെഫ് ബോയ്‌ക്കോട്ട്
ലോര്‍ഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം ജോണി ബെയ്‌ര്‍സ്റ്റോ പുറത്തായ രീതിയെ ചൊല്ലി വിവാദം അവസാനിക്കുന്നില്ല. ബെയ്‌ര്‍സ്റ്റോയെ വിവാദപരമായി പുറത്താക്കിയതിന് ഓസ്‌ട്രേലിയന്‍ ടീം പരസ്യമായി മാപ്പ് പറയണമെന്ന് ഇതിഹാസ താരം ജെഫ് ബോയ്‌ക്കോട്ട് പറഞ്ഞു. വിക്കറ്റിനായുള്ള അപ്പീല്‍ ഓസീസ് താരങ്ങള്‍ പിന്‍വലിക്കാതിരുന്നതിനെ ബോയ്‌ക്കോട്ട് വിമര്‍ശിച്ചു.
മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ 52-ാം ഓവറില്‍ ഓസീസ് പേസര്‍ കാമറൂണ്‍ ഗ്രീനിന്‍റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയ്‌ര്‍സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. അപ്രതീക്ഷിതമായി അലക്‌സ് ക്യാരി സ്റ്റംപ് തെറിപ്പിച്ചതും ഓസ്ട്രേലിയന്‍ താരങ്ങള്‍ മൈതാനത്ത് ആഘോഷം തുടങ്ങി. എന്നാല്‍ ഇത് വിക്കറ്റല്ല എന്നുറപ്പിച്ച് ജോണി ബെയ്‌ര്‍സ്റ്റോ മൂന്നാം അംപയറുടെ തീരുമാനത്തിനായി കാത്തുനിന്നു. തേഡ് അംപയറുടെ തീരുമാനവും എതിരായതോടെ ബെയ്‌ര്‍സ്റ്റോയ്ക്ക് പവലിയനിലേക്ക് മടങ്ങേണ്ടിവരികയായിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ജെഫ് ബോയ്‌ക്കോട്ടിന്‍റെ പ്രതികരണം.
'ഏത് മാര്‍ഗത്തിലൂടെയും ജയിക്കണം എന്നാണെങ്കില്‍ ക്രിക്കറ്റ് നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. സത്യസന്ധമായി കളിച്ച് ക്രിക്കറ്റിന്‍റെ നിലവാരം കാത്തുസൂക്ഷിക്കണം. ബാറ്റര്‍ മുന്‍തൂക്കം നേടാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിയമം പിന്തുടരേണ്ട ആവശ്യമില്ല. കുറച്ച് സാമാന്യബോധത്തോടെ ചിന്തിക്കണം. ബാറ്റര്‍ ആനുകൂല്യം നേടാന്‍ ശ്രമിക്കുന്ന മങ്കാദ് പോലുള്ള സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഇവിടെ ജോണി ബെയ്‌ര്‍സ്റ്റോ റണ്‍ നേടാനായി ശ്രമിക്കുകയായിരുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്‌തതെന്ന് ചിന്തിച്ച് ഓസീസ് ടീം പരസ്യമായി മാപ്പ് പറയണം. നമ്മളെല്ലാം തെറ്റുകള്‍ വരുത്തും. അതുകൊണ്ട് സംഭവിച്ചത് എന്തെന്നതിനെ കുറിച്ച് ഓസീസ് ആലോചിക്കണം' എന്നും ജെഫ് ബോയ്‌ക്കോട്ട് ടെലഗ്രാഫിലെ കോളത്തില്‍ എഴുതി.
Read more: ആഷസിലെ നാടകീയ വിക്കറ്റ്; ജോണി ബെയ്‌ര്‍സ്റ്റോയെ ട്രോളി വിക്‌ടോറിയ പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
