ധോണിയുടെ മെല്ലെപ്പോക്കിനെതിരായ പരാമര്‍ശം; ബെന്‍ സ്റ്റോക്സിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

By Web TeamFirst Published Jun 8, 2020, 6:52 PM IST
Highlights

കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായിട്ടെ നിങ്ങള്‍ കളിക്കുന്നുള്ളു. ഞാന്‍ ഇക്കാലങ്ങളിലൊന്നും ക്രിക്കറ്റിലുണ്ടായിരുന്നില്ല. നിങ്ങള്‍ക്കെതിരെ പന്തെറിയാനായി ഞാന്‍ കാത്തിരിക്കുകയാണ് സഹോദരാ. ധോണിക്കെതിരെ നിങ്ങള്‍ പറഞ്ഞതിന് ഒരു മറുപടി നല്‍കാന്‍-ശ്രീശാന്ത്

കൊച്ചി: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍  ധോണിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച്  ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകം 'ഓണ്‍ ഫയറി'ലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരം ശ്രീശാന്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്കോര്‍ പിന്തുടരുമ്പോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നുവെന്ന് സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനാണ് ശ്രീശാന്ത് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇനിയൊരിക്കല്‍ കൂടി ധോണിക്കെതിരെ താങ്കള്‍ക്ക് പന്തെറിയേണ്ടിവരരുതേ എന്നാണ് ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന. അങ്ങനെ സംഭവിച്ചാല്‍ ധോണി നിങ്ങളുടെ കരിയര്‍ തന്നെ നശിപ്പിച്ചുകളയും. കാരണം ഇത്തരം കാര്യങ്ങളൊന്നും അത്ര പെട്ടെന്ന്  മറക്കുന്നവനല്ല ധോണി-ശ്രീശാന്ത് പറഞ്ഞു.

Also Read: ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് ബോധപൂര്‍വം, ആരോപണവുമായി മുന്‍ പാക് താരങ്ങള്‍

സ്റ്റോക്സിന് നല്ലത് വരട്ടേ എന്നെ എനിക്കിപ്പോള്‍ പറയാനുള്ളു. ഇപ്പോള്‍ അദ്ദേഹം 10-20 ലക്ഷം അധികം നേടുന്നുണ്ടാവും. പക്ഷെ അടുത്ത തവണ ധോണിക്കെതിരെ പന്തെറിയേണ്ടിവന്നാല്‍ അയാള്‍ നിങ്ങളുടെ കരിയര്‍ തന്നെ ഇല്ലാതാക്കും. അത്ര വലിയ ഓള്‍ റൗണ്ടറൊന്നുമല്ല സ്റ്റോക്സ്, ധോണിയുടെ വിക്കറ്റെടുക്കാന്‍ പോലും അയാള്‍ക്ക് കഴിയില്ല, അതിന് ഞാന്‍ സ്റ്റോക്സിന് വെല്ലുവിളിക്കുന്നു-ശ്രീശാന്ത് പറഞ്ഞു.

കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായിട്ടെ നിങ്ങള്‍ കളിക്കുന്നുള്ളു. ഞാന്‍ ഇക്കാലങ്ങളിലൊന്നും ക്രിക്കറ്റിലുണ്ടായിരുന്നില്ല. നിങ്ങള്‍ക്കെതിരെ പന്തെറിയാനായി ഞാന്‍ കാത്തിരിക്കുകയാണ് സഹോദരാ. ധോണിക്കെതിരെ നിങ്ങള്‍ പറഞ്ഞതിന് ഒരു മറുപടി നല്‍കാന്‍-ശ്രീശാന്ത്


ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്ത്യക്ക്  338 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയിട്ടും ഇന്ത്യക്ക് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. അവസാന 11 ഓവറില്‍ ജയിക്കാന്‍ 112 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ഇന്ത്യ വിജയത്തിനായി കാര്യമായി പരിശ്രമിച്ചില്ല.

Also Read: ഇന്ത്യ തോല്‍ക്കാന്‍ വേണ്ടി കളിച്ചെന്ന് പറഞ്ഞിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്റ്റോക്‌സ്

സിക്സറുകള്‍ നേടുന്നതിന് പകരം സിംഗിളുകളിലൂടെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനായിരുന്നു ധോണി ശ്രമിച്ചത്. ആ സമയം ധോണിയും ക്രീസിലുണ്ടായിരുന്ന കേദാര്‍ ജാദവും കൂറ്റനടികള്‍ക്ക് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വിജയം കൈപ്പിടിയില്‍ ഒതുക്കാനാവുമായിരുന്നെന്നും എന്നാല്‍ ധോണിയില്‍ ആ വിജയതൃഷ്ണ കണ്ടില്ലെന്നും സ്റ്റോക്സ് പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. 32 പന്തില്‍ 41 റണ്‍സുമായി ധോണി പുറത്താകാതെ നിന്ന മത്സരത്തില്‍ ഇന്ത്യ 38 റണ്‍സിനാണ്  തോറ്റത്.

സ്റ്റോക്സിന്റെ പുസ്തകത്തിലെ പരമാര്‍ശങ്ങളുടെ ചുവടുപിടിച്ച് ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ മന:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു എന്ന് പാക്കിസ്ഥാന്‍ മുന്‍ താരങ്ങളായ അബ്ദുള്‍ റസാഖും മുഷ്താഖ് അഹമ്മദും ആരോപിച്ചിരുന്നു. പാക്കിസ്ഥാനെ സെമിയിലെത്താതെ പുറത്താക്കാനായി ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരം ഒത്തുകളിച്ചുവെന്നും പാക് താരങ്ങള്‍ ആരോപിച്ചിരുന്നു.

click me!