
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പരയില്‍ തകര്‍പ്പന്‍ തുടക്കവുമായി ഓസ്ട്രേലിയ. ഡര്‍ബനിലെ ആദ്യ ടി20യില്‍ ഓസീസ് 111 റണ്‍സിന്‍റെ ഗംഭീര ജയം സ്വന്തമാക്കി. ഓസീസിന്‍റെ 226 റണ്‍സ് പിന്തുടര്‍ന്ന പ്രോട്ടീസ് 15.3 ഓവറില്‍ വെറും 115 റണ്‍സില്‍ പുറത്തായി. ബാറ്റിംഗില്‍ വെടിക്കെട്ട് ഫിഫ്റ്റികളുമായി നായകന്‍ മിച്ചല്‍ മാര്‍ഷും ടിം ഡേവിഡും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ 31 റണ്‍സിന് നാല് വിക്കറ്റുമായി തന്‍വീര്‍ സംഘ രാജ്യാന്തര ട്വന്‍റി 20യിലേക്ക് വരവറിയിച്ചു. മാര്‍ഷാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് ലീഡെടുത്തു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 20 ഓവറില്‍ 6 വിക്കറ്റിനാണ് 226 എന്ന കൂറ്റന്‍ സ്കോറിലെത്തിയത്. ട്രാവിഡ് ഹെഡ് ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ മടങ്ങിയതോടെ സന്ദര്‍ശകരുടെ തുടക്കം മോശമായിരുന്നു. 3 പന്തില്‍ 6 റണ്‍സെടുത്ത് നില്‍ക്കേ ഹെഡിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കി. മറ്റൊരു ഓപ്പണര്‍ മാത്യൂ ഷോര്‍ട്ട് 11 പന്തില്‍ 20 ഉം വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് 3 പന്തില്‍ 1 ഉം റണ്‍സുമായി മടങ്ങി. വെടിക്കെട്ട് വീരന്‍ മാര്‍ക്കസ് സ്റ്റോയിനിസും(9 പന്തില്‍ 6) തിളങ്ങാനായില്ല. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനൊപ്പം വെടിക്കെട്ട് ഫിനിഷര്‍ ടിം ഡേവിഡ് ചേര്‍ന്നതോടെ ഓസീസ് മത്സരത്തിന്‍റെ നിയന്ത്രണം കൈക്കലാക്കി. ഇരുവരും അഞ്ചാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഡേവിഡ് 28 ബോളില്‍ 7 ഫോറും 4 സിക്‌സും സഹിതം 64 റണ്‍സെടുത്താണ് പുറത്തായത്. അതേസമയം ആംഗര്‍ റോള്‍ മനോഹരമാക്കിയ മിച്ചല്‍ മാര്‍ഷ് 49 പന്തില്‍ 13 ഫോറും 2 സിക്‌സും ഉള്‍പ്പടെ 92* റണ്‍സുമായി പുറത്താവാതെ നിന്നു. ഇതിനിടെ 14 പന്തില്‍ 23 എടുത്ത ആരോണ്‍ ഹാര്‍ഡി ഓസീസിന് മാര്‍ഷിനെ ചേര്‍ത്തുനിര്‍ത്തി മിന്നും ഫിനിഷിംഗ് സമ്മാനിച്ചു. മാര്‍ഷിനൊപ്പം ഷോണ്‍ അബോട്ട്(3 പന്തില്‍ 3*) പുറത്താവാതെ ക്രീസിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലിസാഡ് വില്യംസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയെ ഓസീസിനായി അരങ്ങേറ്റ മത്സരം കളിച്ച 21കാരന്‍ സ്‌പിന്നര്‍ തന്‍വീര്‍ സംഘയും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസും പേസര്‍മാരായ സ്‌പെന്‍സര്‍ ജോണ്‍സണും ഷോണ്‍ അബോട്ടും 15.3 ഓവറില്‍ 115 റണ്‍സില്‍ എറിഞ്ഞിടുന്നതാണ് കണ്ടത്. റീസ ഹെന്‍ഡ്രിക്‌സ് മാത്രമേ 30നപ്പുറം കടന്നുള്ളൂ. ബാറ്റിംഗിലെ ഫോമില്ലായ്‌മ ബൗളിംഗില്‍ മാറ്റിയ മാര്‍ക്കസ് സ്റ്റോയിനിസ് മൂന്നാം പന്തില്‍ തെംബാ ബാവുമയെ പൂജ്യത്തില്‍ പുറത്താക്കി. റീസ (43 പന്തില്‍ 56), റാസ്സീ വാന്‍ ഡെര്‍ ഡസ്സെന്‍(11 പന്തില്‍ 21), മാര്‍ക്കോ യാന്‍സണ്‍(14 പന്തില്‍ 20) എന്നിവരെ രണ്ടക്കം കണ്ടുള്ളൂ. ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം(7), ഡെവാള്‍ഡ് ബ്രെവിസ്(5), ട്രിസ്റ്റന്‍ സ്റ്റബ്‌സ്(0), ജെറാള്‍ഡ് കോട്‌സേ(1), ലിസാഡ് വില്യംസ്(1), തംബ്രൈസ് ഷംസി(0), ലുങ്കി എന്‍ഗിഡി(2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. ഓസ്ട്രേലിയക്കായി തന്‍വീര്‍ സംഘ നാലും മാര്‍ക്കസ് സ്റ്റോയിനിസ് മൂന്നും സ്‌പെന്‍സര്‍ ജോണ്‍സണ്‍ രണ്ടും ഷോണ്‍ അബോട്ട് ഒന്നും വിക്കറ്റ് നേടി.
Read more: ക്യാച്ച് ഓഫ് ദി ഡേ; ഏഷ്യാ കപ്പില്‍ പറവയായി ഫഖര്‍ സമാന്‍, തലയില്‍ കൈവെക്കും പറക്കല്‍- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം