ക്യാച്ച് ഓഫ് ദി ഡേ; ഏഷ്യാ കപ്പില്‍ പറവയായി ഫഖര്‍ സമാന്‍, തലയില്‍ കൈവെക്കും പറക്കല്‍- വീഡിയോ
കണ്ടാല്‍ ആരും തലയില്‍ കൈവെച്ച് പോകും, കെട്ടിപ്പിടിച്ച് അഭിനന്ദിക്കും. അത്തരമൊരു ക്യാച്ചാണ് നേപ്പാളിനെതിരായ മത്സരത്തില്‍ പാകിസ്ഥാനായി ഫഖര്‍ സമാന്‍ നേടിയത്.

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് 2023 ടൂര്‍ണമെന്‍റിന് മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായപ്പോള്‍ അതിശയിപ്പിക്കുന്ന ക്യാച്ചുമായി പാകിസ്ഥാന്‍റെ ഫഖര്‍ സമാന്‍. ഏഷ്യാ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പറക്കും ക്യാച്ചുകളിലൊന്നാണ് നേപ്പാളിനെതിരെ ഫഖര്‍ സമാന്‍ കരസ്ഥമാക്കിയത്.
കണ്ടാല്‍ ആരും തലയില്‍ കൈവെച്ച് പോകും, കെട്ടിപ്പിടിച്ച് അഭിനന്ദിക്കും. അത്തരമൊരു ക്യാച്ചാണ് നേപ്പാളിനെതിരായ മത്സരത്തില്‍ പാകിസ്ഥാനായി ഫഖര്‍ സമാന്‍ നേടിയത്. പാകിസ്ഥാന്‍റെ പേസ് ആക്രമണത്തിന് മുന്നില്‍ നേപ്പാള്‍ ശ്വാസം വലിക്കുമ്പോള്‍ വാലറ്റത്തെ അരിയാനെത്തിയ സ്‌പിന്നര്‍ ഷദാബ് ഖാന്‍റെ പന്തിലായിരുന്നു ഈ വിസ്‌മയ ക്യാച്ചിന്‍റെ പിറവി. നേപ്പാള്‍ ഇന്നിംഗ്‌സിലെ 22-ാം ഓവറിലെ മൂന്നാം പന്തില്‍ ഷദാബിനെ തൂക്കിയടിക്കാന്‍ ശ്രമിച്ച ഗുല്‍സാന്‍ ഝായെ ബൗണ്ടറിലൈനില്‍ നിന്ന് മുന്നോട്ട് ഓടിയെത്തി ഫഖര്‍ സമാന്‍ പിടികൂടുകയായിരുന്നു. അവിശ്വസനീയ പറക്കലിലൂടെ ഗുല്‍സാനെ മടക്കിയ സമാനെ പാക് താരങ്ങള്‍ അഭിനന്ദിച്ചു. ഫീല്‍ഡ് ചെയ്യാതിരുന്ന നായകന്‍ ബാബര്‍ അസം മത്സര ശേഷം സമാനെ പ്രത്യേകം അഭിനന്ദിക്കുന്നത് കാണാനായി. 23 പന്തില്‍ 13 റണ്‍സാണ് ഗുല്‍സാന്‍ ഝായ്‌ക്ക് നേടാനായത്. ഗുല്‍സാന്‍ പുറത്തായതോടെ 91-7 എന്ന നിലയില്‍ തകര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സില്‍ എല്ലാവരും പുറത്തായി 238 റണ്‍സിന്‍റെ കനത്ത തോല്‍വി നേരിട്ടു. ഗുല്‍സാന്‍റെയടക്കം നാല് വിക്കറ്റ് ഷദാബ് ഖാന്‍ വീഴ്ത്തി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത് നായകന്‍ ബാബര്‍ അസമിന്‍റെയും മധ്യനിര ബാറ്റര്‍ ഇഫ്‌തീഖര്‍ അഹമ്മദിന്‍റേയും സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 എന്ന വമ്പന്‍ സ്കോറിലെത്തിയിരുന്നു. 25 റണ്‍സിന് ഓപ്പണര്‍മാരെ നഷ്‌ടമായ ശേഷമായിരുന്നു പാക് തിരിച്ചുവരവ്. 19-ാം ഏകദിന ശതകം നേടിയ ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി മടങ്ങി. നേരിട്ട 109-ാം ബോളില്‍ 100 റണ്‍സ് തികച്ച ബാബര്‍ 20 പന്തുകള്‍ കൂടിയേ 150 പുറത്താക്കിയാക്കാന്‍ എടുത്തുള്ളൂ. അതേസമയം 67 പന്തില്‍ കന്നി ഏകദിന ശതകം കണ്ടെത്തിയ ഇഫ്‌തീഖര്‍ അഹമ്മദ് 71 പന്തില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ ബാബറും ഇഫ്‌തീഖറും 214 റണ്‍സ് ചേര്‍ത്തു.
മറുപടി ബാറ്റിംഗില്‍ നേപ്പാളിനെ നാല് വിക്കറ്റുമായി ഷദാബ് ഖാനും രണ്ട് പേരെ വീതം മടക്കി ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ഓരോ വിക്കറ്റുമായി നസീം ഷായും മുഹമ്മദ് നവാസും എറിഞ്ഞിടുകയായിരുന്നു. ആരിഫ് ഷെയ്‌ഖ്(26), സോംപാല്‍ കാമി(28), ഗുല്‍സാന്‍ ഝാ(13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം